പത്തനംതിട്ട : വിശ്വവിഖ്യാത കാർട്ടൂണിസ്റ്റ് വാൾട്ട് ഡിസ്‌നിയുടെ 124 ആം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട വൈ എം സി എ യിൽ
വാൾട്ട് ഡിസ്‌നി അനുസ്മരണവും ചിത്രകലാ അദ്ധ്യാപകൻ പ്രേംദാസ് പത്തനംതിട്ടയുടെ ശിഷ്യന്മാരുടെ ‘കുട്ടിവർണ്ണക്കൂട്ടം’ ഗ്രൂപ്പ് ചിത്രപ്രദർശനം സംഘടിപ്പിച്ചു. അതിവേഗചിത്രകാരനും ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ഡോ. ജിതേഷ്ജി ചിത്രപ്രദർശനവും വാൾട്ട് ഡിസ്‌നി 124 ആം ജന്മവാർഷികാഘോഷവും ഉദ്ഘാടനം ചെയ്തു. അനശ്വര കാർട്ടൂൺ കഥാപാത്രങ്ങളായ
ടോം ആൻഡ് ജെറിയെയും ഡോണാൾഡ് ഡക്കിനെയുമൊക്കെ സൃഷ്ടിച്ച വാൾട്ട് ഡിസ്‌നി സ്വന്തം കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ അമരത്വം നേടിയ ചിത്രകാരനാണെന്ന് ജിതേഷ്ജി പറഞ്ഞു.
എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേഷ് ആക്ളേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട പ്രസ് ക്ലബ്ബ് സെക്രട്ടറി ജി. വിശാഖൻ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത്, കഥാകൃത്ത് വിനോദ് ഇളകൊള്ളൂർ, ചിത്രകാരൻ പ്രേംദാസ് പത്തനംതിട്ട, മോട്ടിവേഷണൽ ട്രെയിനർ ബിനു. കെ. സാം, ഗ്രന്ഥകാരൻ അഡ്വ. എം എസ് മധു, യുവകവി കാശിനാഥൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം ഗോകുലേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കുട്ടിചിത്രകാരന്മാരായ ദേവാംശ്, ബിനിത്, അഭിനന്ദ്, നിതീഷ്, അശ്വിൻ, അജയൻ, അക്സൽ കുട്ടിചിത്രകാരികളായ ദിവിജ, ദർശന, ശിവാനി, അഞ്ജന, ആവണി, ദക്ഷ, വൈഗ, അദ്രിജ, തീർത്ഥന, ദേവനന്ദ, അനാമിക, ശോഭ എന്നിവരുടെ ചിത്രങ്ങളാണ് വൈ എം സി എ ഹാളിൽ പ്രദർശനത്തിനുള്ളത്. ഡിസംബർ ഏഴിനു വൈകിട്ട് പ്രദർശനം സമാപിക്കും.