മുംബൈ : നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖഡെയും നടൻ ഷാരൂഖ് ഖാനും തമ്മിൽ ഉരസുന്നത് ഇതാദ്യമായല്ല. പത്തുകൊല്ലം മുൻപ് ഷാരൂഖ് ഖാനും കുടുബവും വിദേശ യാത്ര കഴിഞ്ഞ് മടങ്ങി വരുന്ന സമയത്ത് വാംഖഡെ അവരെ മുംബൈ വിമാനത്തിൽ തടയുകയും കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ച സംഭവവും ഉണ്ടായി.
2011 ജൂലൈയിലാണ് സംഭവം. ഹോളണ്ട്, ലണ്ടൻ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാനും കുടുംബവും. നികുതി അടയ്‌ക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച്, വാംഖഡെ ഷാരൂഖ് ഖാനെ തടഞ്ഞു. അന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു വാംഖഡെ.
ഷാരൂഖിനെ വാംഖഡെയും സംഘവും നിരവധി മണിക്കൂറുകൾ ചോദ്യം ചെയ്യുകയും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ ഇരുപതോളം ബാഗുകൾ പരിശോധിക്കുകയും ചെയ്തു. ശേഷം ഷാരൂഖിനെയും കുടുംബത്തെയും പോകാൻ അനുവദിച്ചെങ്കിലും 1.5 ലക്ഷം കസ്റ്റംസ് തീരുവയായി അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വിമാനത്താവളത്തിലെ ചുമതല വഹിക്കവെ നടിമാരായ അനുഷ്ക ശർമ, മിനിഷ ലാംബ, ഗായകൻ മിക സിങ് തുടങ്ങിയവരെയും വാംഖഡെ തടഞ്ഞിട്ടുണ്ട്.
2011 ജൂലൈ മാസത്തിലാണ് ടൊറന്റോയിൽ നിന്ന് മുംബൈയിലെത്തിയ അനുഷ്കയെ വാംഖഡെ തടഞ്ഞത്. കണക്കിൽപ്പെടാത്ത നാൽപ്പതു ലക്ഷം വില മതിക്കുന്ന വജ്രാഭരണം കൊണ്ടു വന്നെന്ന് ആരോപിച്ചാണ് അനുഷ്കയെ തടഞ്ഞത്. 2013-ലാണ് മികാ സിങ്ങിനെ വിമാനത്താവളത്തിൽ തടയുന്നത്. ഫെമ(ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമം അനുവദിക്കുന്നതിലും അധികം വിദേശ കറൻസി കൊണ്ടുവന്നതിനായിരുന്നു ഇത്.