മുംബൈ : നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് ഹോട്ടലും ബാറുമുണ്ടെന്ന് വെളിപ്പെടുത്തൽ. ആഢംബരക്കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ. മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കാണ് വാങ്കഡെയുടെ ബാർ ഹോട്ടലിന്റെ രേഖകൾ പുറത്തുവിട്ടത്.
വാങ്കഡെയുടെ പേരിൽ രജിസ്റ്റർ ചെയ്ത ബാർ ഹോട്ടൽ 1997 മുതൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ. സമീർ വാങ്കഡെയുടെ പിതാവും എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനും ആയിരുന്ന ധ്യാൻദേവ് വാങ്കഡെ 1997-ലാണ് മകന്റെ പേരിൽ ബാറിന് ലൈസൻസ് എടുത്തതെന്ന് നവാബ് മാലിക്ക് വെളിപ്പെടുത്തി. സമീർ വാങ്കഡെയ്ക്ക് ആ സമയത്ത് പ്രായപൂർത്തി ആയിരുന്നില്ല. അന്ന് മൈനറായിരുന്ന സമീർ വാങ്കഡെയുടെ പേരിൽ അനധികൃതമായാണ് ലൈസൻസ് സമ്പാദിച്ചതെന്നും നവാബ് മാലിക്ക് ആരോപിച്ചു.
മൂന്ന് ആരോപണങ്ങളാണ് വാങ്കഡെയ്ക്ക് എതിരെയുള്ളത്. അദ്ദേഹത്തിന് ജോലി തെറിപ്പിക്കാൻ ഇവ ധാരാളം മതി. ആര്യൻ കേസുമായി ബന്ധപ്പെട്ട പണം തട്ടിയെടുക്കൽ ആരോപണമാണ് ആദ്യത്തേത്. സർക്കാർ ജോലി സമ്പാദിക്കുന്നതിനായി വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്നതാണ് രണ്ടാമത്തേത്. ബാർ നടത്തുന്നു എന്നകാര്യം മറച്ചുവെച്ചതാണ് മൂന്നാമത്തേത്. ബാറിന്റെ ലൈസൻസ് എല്ലാ വർഷവും പുതുക്കുകയും ബാർ പൂർണതോതിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ബാറിന്റെ വാടക ഇനത്തിൽ ലഭിച്ച തുക മാത്രമാണ് വാങ്കഡെ ആദായനികുതി ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടുള്ളത്- നവാബ് മാലിക്ക് ആരോപിച്ചു.
എന്നാൽ ബാർ ഉണ്ടെന്ന വിവരം മറച്ചുവെച്ചിട്ടില്ലെന്ന് സമീർ വാങ്കഡെ പ്രതികരിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ടു ചെയ്തു. സർക്കാർ ജോലി ലഭിച്ചശേഷം പിതാവിന് പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. ബാറിൽ നിന്നുള്ള വരുമാനം ഇൻകംടാക്സ് റിട്ടേണിൽ കാണിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.