തിരുവനന്തപുരം : പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയായ ഗുണ്ടാ നേതാവ് അറസ്റ്റില്‍. ഷാനു എന്ന് അറിയപ്പെടുന്ന ഷാനവാസാണ് മംഗലപുരം പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി വീടുകളില്‍ കയറി ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് പിടിയിലായത്. കഴിഞ്ഞ സെപ്തംബറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഷാനവാസ് ഒളിവിലായിരുന്നു. ഷാനവാസിനെ കണ്ടെത്താനാവുന്നില്ലന്ന് പോലീസ് പറയുന്നതിനിടെ വീണ്ടും ഗുണ്ടാവിളയാട്ടം നടത്തിയത് പോലീസിനാകെ നാണക്കേടായിരുന്നു.
കഴിഞ്ഞ ദിവസം പള്ളിപ്പുറത്ത് വീടുകള്‍ അതിക്രമിച്ച് കയറി കുട്ടികളുടെയും സ്ത്രീകളുടേയും കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും ആവശ്യപ്പെട്ടത്. തുടര്‍ന്ന് പന്ത്രണ്ടോളം വീടുകളില്‍ അക്രമം നടത്തുകയും വാതിലുകള്‍ ചവിട്ടിപ്പൊളിക്കുകയും ചെയ്തിരുന്നു. കോവളത്തിനടുത്തുള്ള ഒളിത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് പോലീസ് നല്‍കുന്ന സൂചന. മൊബൈല്‍കടയില്‍ കയറി ജീവനക്കാരനെ കുത്തിയ കേസില്‍ ഒളിവില്‍ പോയ ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങി അക്രമം നടത്തിയത്. നിരവധി അക്രമ കേസുകളില്‍ പ്രതിയാണ് ഷാനവാസെന്ന് പോലിസ് പറഞ്ഞു.