പത്തനംതിട്ട : സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ഭൂമി വില്‍ക്കുന്നതിന് തയാറുള്ള ഭൂവുടമകളില്‍ നിന്ന് നേരിട്ട് അപേക്ഷ ക്ഷണിച്ചതായി ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
താത്പര്യമുള്ള വ്യക്തികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയവയടക്കം യാതൊരുവിധ നിയമക്കുരുക്കുകളിലും ഉള്‍പ്പെടാത്ത ബാധ്യതകളില്ലാത്ത ഉത്തമഭൂമി) വില്‍ക്കുന്നതിന് തയാറെന്ന സമ്മതപത്രം ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ ടൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തി റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ക്ക് നല്‍കണം. കുറഞ്ഞത് ഒരേക്കര്‍ വരെയുള്ള ഭൂമിയുടെ ഉടമസ്ഥര്‍ക്ക് വില്‍പ്പനയ്ക്കായി അപേക്ഷിക്കാം. തികച്ചും സുതാര്യവും വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി വിലയ്ക്ക് വാങ്ങുന്നതിന് ഉദ്ദേശിച്ച് ആവിഷ്‌കരിച്ച ഈ പദ്ധതി സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്കും സര്‍ക്കാര്‍ ഭൂമി വാങ്ങല്‍ സംബന്ധിച്ച നിബന്ധനകള്‍ക്കും വിധേയമായിരിക്കും. ഭൂമി തെരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുന്നതിനും നിരസിക്കുന്നതിനും ജില്ലാ കളക്ടര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. തര്‍ക്കങ്ങളിലും മറ്റും സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും. ഭൂമി വില്‍ക്കുന്നതിന് താത്പര്യമുള്ള ഭൂവുടമകള്‍ അപേക്ഷാഫോറം റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നിന്നും കൈപ്പറ്റി ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കണം. അപേക്ഷ ഏപ്രില്‍ 30 വരെ സ്വീകരിക്കും. ഫോണ്‍: 04735 227703.