കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ചയിൽ മോദി സർക്കാരിന്‍റെ ഫാസിസ്റ്റ് അജണ്ടക്കെതിരെ മതേതര കക്ഷികൾ പ്രദർശിപ്പിച്ച ഐക്യബോധവും മതനിരപേക്ഷ പ്രതിബദ്ധതയും പ്രതീക്ഷ നൽകുന്നതാണെന്ന് ഐഎൻഎൽ. മതേതരത്വം അവകാശപ്പെടുന്ന നിതീഷ് കുമാറിന്‍റെയും ചന്ദ്രബാബു നായിഡുവിന്‍റെയും പാർട്ടികൾ ഈ സന്നിഗ്ധഘട്ടത്തിൽ ഹിന്ദുത്വക്ക് അനുകൂലമായി നിലപാടെടുത്തത് കൊണ്ട് മാത്രമാണ് വോട്ടെടുപ്പിൽ മോദി സർക്കാർ കടമ്പ കടന്നത്. ലോക്സഭയിലെ ചർച്ചയിൽ സർക്കാറിന്റെ വിദണ്ഡവാദങ്ങളെ പൊളിച്ചടുക്കി മതേതര കക്ഷികൾ ഭരണഘടനയും ന്യൂനപക്ഷാവകാശങ്ങളും ഉയർത്തി പിടിച്ച് നടത്തിയ വാദങ്ങൾ ആവേശകരമായിരുന്നു.
എന്നാൽ രാഹുൽ ഗാന്ധി സഭയിൽ ഹാജരായിട്ടും ചർച്ചയിൽ പങ്കെടുക്കാതിരുന്നതും പ്രിയങ്ക ഗാന്ധി പാർട്ടി വിപ്പ് ലംഘിച്ച് സഭയിൽ എത്താതിരുന്നതും സംശയങ്ങൾക്ക് ഇടനൽകുന്നതായി ഐഎൻഎൽ പ്രസ്താവനയിൽ വ്യക്തമാക്കി. വയനാട്ടിൽ നിന്ന് വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി ജയിച്ച എംപി സഭയിൽ നിന്ന് തക്കതായ കാരണമില്ലാതെ മാറിനിന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ കോൺഗ്രസിന് ബാധ്യതയുണ്ട്. വഖഫ് ബിൽ പാർലമെൻറ് കടന്നാലും ആ നിയമനിർമ്മാണത്തിനെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്നും അവിടെയും മതേതര കക്ഷികൾ കൂടുതൽ പ്രതിബദ്ധതയോടെ വെല്ലുവിളികൾ നേരിടാൻ സജ്ജമാകണമെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.