കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടം തുടരാൻ മുസ്‌ലിം ലീഗിന്റെ ദേശീയ നേതൃയോഗത്തിൽ തീരുമാനം. രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തര നേതൃയോഗം പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. ഏപ്രിൽ 16ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും.
ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ദേശീയ തലത്തിൽ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തീയതി അതത് സംസ്ഥാന കമ്മിറ്റികൾ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും. മതസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയത് എന്ന് യോഗം വിലയിരുത്തി. ഇത് ചൂണ്ടിക്കാട്ടി അടിയന്തരമായി സുപ്രിംകോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെയും പാർട്ടി എംപിമാരെയും ചുമതലപ്പെടുത്തി.