കോഴഞ്ചേരി : യുദ്ധവും തീവ്രവാദവും ഒന്നിനും ഒരു പരിഹാരമല്ലെന്നും ഇത് കൊണ്ട് പ്രകൃതിയെയും മനുഷ്യരാശിയെയും ഒരു പോലെ ഉന്മൂലനം ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളെന്ന് ജപ്പാനില്‍ നിന്നുള്ള ഗവേഷകയും മാധ്യമ പ്രവര്‍ത്തകയുമായ തമാമി കവകാമി അഭിപ്രായപ്പെട്ടു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് രണ്ടാം ലോകമഹാ യുദ്ധത്തില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബാക്രമണത്തിലൂടെ അമേരിക്ക നടത്തിയത്. ജപ്പാനിലെയും ഇന്ത്യയിലെയും ഗ്രാമങ്ങളെയും ഗ്രാമീണആളുകളുടെ ജീവിത രീതി, കുടുംബ ബന്ധങ്ങള്‍, സ്‌ത്രീ ശാക്തീകരണം എന്നിവയെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായിട്ടാണ് തമാമി കവകാമി കേരളത്തില്‍ എത്തിയത്. നിയമ വിദഗ്‌ധനായ വര്‍ഗീസ് മാമ്മന്‍, സാമൂഹിക ശാസ്‌ത്ര ഗവേഷകനായ കെ.എന്‍. തോമസ് കുറ്റിയില്‍, വിദ്യാഭ്യാസ വിദഗ്‌ധനും ആഫ്രിക്കയിലും നൈജീരിയിലും അധ്യാപകനുമായ ജോണ്‍ കെ. കോശി, ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, പൊതു പ്രവര്‍ത്തകനായ സുബിന്‍ നീറുംപ്ലാക്കല്‍, സിവില്‍ എന്‍ജിനീയറായ തോമസ് ജോണ്‍ വാഴുവേലില്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബിന്റെ സഹായത്തോടെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ നേരില്‍ സന്ദര്‍ശിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ലഭിക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചു പഠിക്കാനായി കുമ്പനാട് അക്ഷയ കേന്ദ്രവും ഇവര്‍ സന്ദര്‍ശിച്ചു. പ്രദേശിക തലത്തില്‍ സര്‍ക്കാര്‍ സഹകരണത്തോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാത്യകയാണ്. പൊതു പ്രവര്‍ത്തകനും സുഹൃത്തുമായ സുബിന്‍ നീറുംപ്ലാക്കല്‍ കോവിഡ് കാലത്ത് അഞ്ച് ദിവസം പ്രായമുള്ള കുട്ടിയുടെ അടിയന്തര ശസ്‌ത്രക്രിയക്ക് വേണ്ടി നടത്തിയ മാനുഷികമായ ഇടപെടല്‍ ജപ്പാനിലെ ചില പ്രാദേശിക സോഷ്യല്‍ മീഡിയലേക്ക് തമാമി തര്‍ജമ ചെയ്‌തിട്ടുണ്ട്.