റാന്നി : പെരുനാട് ഗ്രാമ പഞ്ചായത്തിലെ 5 മുതല്‍ 9 വരെയുള്ള വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ പരിസ്ഥി ദുർബല മേഖലയായി കണക്കാക്കിയിരിക്കുന്നതിനാൽ പ്രദേശങ്ങളെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തു നല്‍കി. പഞ്ചായത്ത് കമ്മറ്റിയില്‍ ആവിശ്യം ഉന്നയിച്ച് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി എസ് സുകുമാരൻ നൽകിയ കത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി സംവേദ പ്രദേശം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കാലാവസ്ഥ വ്യതിയാന വകുപ്പ് തയ്യറാക്കിയ റിപ്പോർട്ടിന്മേൽ ഗ്രാമ പഞ്ചായത്തിന്റെ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉപഗ്രഹ ചിത്രം കമ്മിറ്റി അംഗംങ്ങൾ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി സംവേദ പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ട് തീരുമാനം എടുത്തിരുന്നു.
തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങൾ ഇത്തരത്തിൽ അറിയിച്ചിട്ടുളള അഭിപ്രായങ്ങൾ സംസ്ഥാനത്തിന്റെ കരട് നിർദ്ദേശങ്ങളായി കേന്ദ്ര വിദഗ്ദ്ധ സമിതിയ്ക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും റാന്നി പെരുനാട് ഗ്രാമ പഞ്ചയത്തിൽപ്പെട്ട കൊല്ലമുള വില്ലേജ്, പെരുനാട് വില്ലേജിലെ ശബരിമല വാർഡ് എന്നീ പ്രദേശങ്ങൾ പരിസ്ഥിതി സംവേദ പ്രദേശങ്ങളായി തന്നെ തുടരുന്നു എന്ന പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായി നിലനിൽക്കുന്നത് ഇവിടങ്ങളിലെ ജനങ്ങൾക്കും ഒപ്പം ജനപ്രതിനിധികൾക്കും ആശങ്ക ഉളവാക്കുന്ന വസ്തുതകളാണെന്നും കത്തില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട വാർഡ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി മുൻപാകെ അവരുടെ ആശങ്കകൾ അകറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് കാട്ടി വിഷയം ചർച്ച ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ റാന്നി പെരുനാട് ഗ്രാമ പഞ്ചയത്തിലെ കൊല്ലമുള വില്ലേജ്, പെരുനാട് വില്ലേജിലെ ശബരിമല വാർഡ് എന്നീ പ്രദേശങ്ങളിലെ പൊതു ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.