പത്തനംതിട്ട : പൊക്കവിളക്കുകള്‍ കുഴിച്ചുവെച്ച് പത്തനംതിട്ട സീറ്റ് ഉറപ്പിക്കാന്‍ ആന്റോ ആന്റണി. പത്തനംതിട്ട ലോക് സഭാ മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. സിറ്റിംഗ് എം.പി ആന്റോ ആന്റണിയോട് അത്ര താല്‍പ്പര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അത് പ്രതിഫലിച്ചിരുന്നു. എന്നാല്‍ അന്ന് തനിക്കെതിരെ കരുക്കള്‍ നീക്കിയ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിനെ ഇടതുപക്ഷ പാളയത്തില്‍ എത്തിച്ച് കുരുതികൊടുത്ത സന്തോഷവും ആന്റോ ആന്റണിക്കുണ്ട്. രാഷ്ട്രീയ തഴമ്പ് ഏറെയുള്ള പി.ജെ കുര്യനുമായുള്ള ആത്മബന്ധം ആന്റോ ആന്റണിയെ തുണക്കുമെന്നും ചിലര്‍ കണക്കുകൂട്ടുന്നു. പി.ജെ കുര്യന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കരുക്കള്‍ നീക്കുകയാണ്. പിണറായി ഇരുന്ന കസേരയില്‍ ഒരുദിവസമെങ്കിലും ഇരിക്കണമെന്ന വാശിയിലാണ് പി.ജെ കുര്യന്‍. ഇത് മുന്നില്‍കണ്ടുള്ള സഹകരണമാണ് ആന്റോ ആന്റണിയും പി.ജെ.കുര്യനും തമ്മില്‍.
എന്നാല്‍ പത്തനംതിട്ടയില്‍ ചിത്രം മാറിമറിയാന്‍ സാധ്യതയുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി റാന്നി മുന്‍ എം.എല്‍.എ രാജു എബ്രഹാമോ അല്ലെങ്കില്‍ മുന്‍ മന്ത്രി തോമസ് ഐസക്കോ സ്ഥാനാര്‍ഥിയാകും എന്നതാണ് നിലവിലുള്ള സ്ഥിതി. ബി.ജെ.പി സ്ഥാനാര്‍ഥിയായി പൂഞ്ഞാര്‍ സിംഹം പി.സി ജോര്‍ജ്ജും വരാന്‍ സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ ആന്റോ ആന്റണിയുടെ കണക്കുകൂട്ടലുകള്‍ അടിപടല തെറ്റും. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം മോഹിക്കുന്ന പലരും പാര്‍ട്ടിയിലുണ്ട്. ഇനിയും പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ഇല്ലെന്നു പറഞ്ഞാണ് കഴിഞ്ഞതവണ ആന്റോ സീറ്റ് ഉറപ്പിച്ചത്. ഇതിനുപിന്നില്‍ കെ.സി.വേണുഗോപാല്‍ ആയിരുന്നുവെന്നാണ് വിവരം. എന്നാല്‍ ആന്റോ ആന്റണി വീണ്ടും പത്തനംതിട്ട സീറ്റില്‍ പിടിമുറുക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വിമതശബ്ദം നിശബ്ദമായി പണിയെടുക്കും.