അടുക്കളയില്‍ സിങ്കിന് ഒഴിച്ചു കൂടാനാവാത്ത ഇടമുണ്ട്. പാചകത്തിനിടയിൽ നാം പലതവണ സിങ്കിനരികിലേക്ക് പോകും. എല്ലാ ദിവസവും സിങ്ക് വൃത്തിയാക്കണം. സിങ്കിൽ വെച്ച് മാംസം വൃത്തിയാക്കുന്നവരുണ്ട്. എന്നാൽ ഉടൻ സിങ്ക് കഴുകുക. വെറുതെ കഴുകിയാൽ പോരാ. പച്ച മാംസം, മത്സ്യം എന്നിവയില്‍ നിന്നുള്ള രോഗാണുക്കള്‍ കിച്ചണ്‍ സിങ്കില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് നന്നായി കഴുകുക. സിങ്കിൽ അഴുക്ക് ഒന്നും തന്നെ ഇല്ലാതെ വെട്ടിതിളങ്ങാൻ ഇങ്ങനെ കഴുകിയാൽ മതിയാകും. ബേക്കിങ് സോഡ സിങ്കിൽ വിതറുക. അൽപ്പ സമയത്തിന് ശേഷം വിനാഗിരി ഉപയോഗിച്ച് നന്നായി കഴുകുക. വെള്ളം പോകുന്ന വാഷറിൽ അൽപ്പം ബേക്കിങ് സോഡ തട്ടി ഇടാനും മറക്കരുത്. കഴുകി കളഞ്ഞ ശേഷം നോക്കിയാൽ സിങ്ക് പുതിയതായി തോന്നും.
പാത്രം കഴുകുന്ന സോപ്പ്, നേര്‍ത്ത ലിക്വിഡ് എന്നിവ ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കാം. പഴയ ടൂത്ത് ബ്രഷും സോഫ്റ്റ് സ്‌പോഞ്ചും ഉപയോഗിച്ച് വേണം സിങ്കില്‍ ഉരയ്ക്കാന്‍. വലിയ ബ്രഷുകളേക്കാള്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോൾ കൂടുതല്‍ അഴുക്ക് ഇളകി പോകും. അഴുക്ക് വെള്ളം പോകുന്ന ഭാഗത്തും ബ്രഷ് ഉപയോഗിച്ചു നന്നായി ഉരയ്ക്കണം. സിങ്ക് കഴുകുന്നതിനൊപ്പം വെള്ളം വരുന്ന പൈപ്പും വൃത്തിയാക്കണം. റെഡ് മീറ്റ് പോലുള്ള കൊഴുപ്പുള്ള വിഭവങ്ങള്‍ സിങ്കില്‍ വെച്ച് വൃത്തിയാക്കുന്നത് പരമാവധി ഒഴിവാക്കുക. മാംസത്തില്‍ നിന്നുള്ള കൊഴുപ്പ് ഡ്രെയ്‌നേജില്‍ എത്തി പാട പോലെ അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് മാംസവും മറ്റും സിങ്കിൽ വെച്ച് കഴുകുമ്പോൾ സിങ്ക് ഉടൻ വൃത്തിയാക്കണം എന്ന് പറയുന്നത്.