ആലപ്പുഴ : ജില്ലയിലെ ഗ്രാമപ്രദേശങ്ങൾ ശാസ്ത്രീയ മാലിന്യസംസ്കരണ പദ്ധതികളിലൂടെ മാലിന്യമുക്തമാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറായി. ത്രിതല പഞ്ചായത്തു സംവിധാനവും നഗരസഭാ സംവിധാനവും ഏകോപിപ്പിച്ച് 2025 മാർച്ച് 31-ഓടെ ഗ്രാമപ്പഞ്ചായത്തുകളെ മാലിന്യമുക്ത കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. ബ്ലോക്കുതല പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവർക്കായി സംഘടിപ്പിച്ച ശില്പശാല സമാപിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ലക്ഷ്യങ്ങൾ വിശദീകരിച്ചു.
12 ബ്ലോക്കുകളിൽനിന്നായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറും ഉൾപ്പെടെ 10 പേർവീതം പങ്കെടുത്തു. മാലിന്യസംസ്കരണത്തിലെ കുറവുകൾ പരിഹരിക്കുന്നതിന് അടുത്ത ഒരുവർഷം നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ ബ്ലോക്കുതലത്തിൽ തയ്യാറാക്കിയ രൂപരേഖ അവതരിപ്പിച്ചു. ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ കോഡിനേറ്റർ കെ.ഇ. വിനോദ്‌കുമാർ, നോഡൽ ഓഫീസർ സി.കെ. ഷിബു, നവകേരള മിഷൻ കോഡിനേറ്റർ കെ.എസ്. രാജേഷ്, പി. ജയരാജ്, കില ഫെസിലിറ്റേറ്റർ ജെ. ജയലാർ തുടങ്ങിയവർ സംസാരിച്ചു.