പത്തനംതിട്ട : പത്തനംതിട്ട അബാൻ ജംഗ്ഷനില്‍ ഡയാന ഹോട്ടലിന് താഴെ മലിനജല തടാകം. നഗരഹൃദയത്തിലെ കൊതുക് വളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ നടപടിയുമായി പത്തനംതിട്ട നഗരസഭ. പത്തനംതിട്ട മീഡിയാ വാര്‍ത്തയെ തുടര്‍ന്ന് ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപുമോന്‍ എന്നിവര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
തുടര്‍ന്ന് ഇന്ന് നഗരസഭാ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ വലിയ തോതിൽ മലിനജലം കെട്ടിക്കിടക്കുന്നത് ബോധ്യപ്പെട്ടു. പരിസരത്താകെ കടുത്ത ദുര്‍ഗന്ധമായിരുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വെള്ളക്കെട്ടില്‍ നിറഞ്ഞുകിടക്കുകയാണ്. നഗരഹൃദയത്തില്‍ ഇത്തരമൊരു നടപടി ഗൌരവമായിത്തന്നെ നഗരസഭ കാണുമെന്ന് ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് പറഞ്ഞു.
കേരള മുനിസിപ്പൽ നിയമത്തിന്റെ പരസ്യമായ ലംഘനമാണ് ഇത്. കൂടാതെ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ നടപടി. നിയമനടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി കെട്ടിട ഉടമക്ക് നോട്ടീസ് നൽകി. പരിശോധനക്ക് ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.