പന്തളം : വേനൽ ശക്തിപ്രാപിച്ചതോടെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്നു. തോരാതെ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്നുകിടന്ന അച്ചൻകോവിലാറ്റിൽ ഇപ്പോഴാണ് ജലനിരപ്പ് താഴ്ന്നത്. പലയിടത്തും തീരവും തീരസംരക്ഷണത്തിന് കെട്ടിയ ഭിത്തിയും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. കുളിക്കടവുകളും തീരത്തുനിന്ന ഫലവൃക്ഷങ്ങൾ കടപുഴകി വീണതുമെല്ലാം കാണാനായത് ജലനിരപ്പ് താഴ്ന്നപ്പോഴാണ്. ആറ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും അടിഞ്ഞ് കൂടിയിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ തീരത്തുള്ള കിണറുകളിലും വെള്ളം വറ്റിത്തുടങ്ങി.
കരിങ്ങാലിപ്പാടത്തും ജലസേചന സൗകര്യത്തിന്റെ കുറവ് വേനലിൽ അനുഭവപ്പെടാറുണ്ട്. തരിശുകിടന്ന പല പാടശേഖരങ്ങളും ഇത്തവണ കൃഷിയിറക്കിയിട്ടുണ്ട്. ജലസേചന സൗകര്യം വളരെക്കുറവുള്ള പാടശേഖരമാണ് കരിങ്ങാലിപ്പാടം. അച്ചൻകോവിലാറ്റിൽ മൂന്നിടത്ത് വെച്ചിട്ടുള്ള മോട്ടോർ പ്രവർത്തിപ്പിച്ചാണ് പാടത്തേക്ക് വെള്ളമെത്തിക്കുന്നത്. എന്നാൽ ഓടകൾ പുനരുദ്ധാരണം നടത്താത്തതുകാരണം പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. തോടുകൾ പലതും പ്രളയത്തിൽ ചെളിമൂടി ഉപയോഗശൂന്യമായിട്ടുമുണ്ട്. ജലസേചന സൗകര്യമൊരുക്കിയാൽ മാത്രമേ ഇവിടെ കൃഷി വിജയിപ്പിക്കുവാനാകൂ.