പത്തനംതിട്ട : തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി. വിവരം അറിഞ്ഞ് എത്തിയ അയല്‍വാസിയായ വ്യാപാരി സംഭവ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.
അങ്ങാടി ചെട്ടിമുക്ക് മുള്ളംകുഴി തടത്തില്‍ ചാക്കോ ജോണിന്റെ മകന്‍ ജോണ്‍ ചാക്കോ (മോനിഷ്19)യാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. സംഭവം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയ റാന്നി ഇട്ടിയപ്പാറയിലെ വ്യാപാരിയായ ചെട്ടിമുക്ക് കരിങ്കുറ്റി വടക്കേതില്‍ എം.എം പരീത് കുഞ്ഞ് (68) ആണ് കുഴഞ്ഞു വീണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരുമേലി ഷേര്‍മൗണ്ട് കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായ മോനിഷ് . പുള്ളോലി പാലത്തിനു സമീപത്ത് വെച്ചാണ് മോനിഷ് ഒഴുക്കില്‍പ്പെട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പം വലിയ തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു. നീന്തല്‍ വശമുണ്ടായിരുന്നുവെങ്കിലും സമീപത്തെ തടയണയിലോ പൊളിച്ച പാലത്തിന്റെ അവശിഷ്ടങ്ങളിലോ തല ഇടിച്ചതാകാമെന്ന് കരുതുന്നു. അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. പിന്നീട് തിരച്ചില്‍ നിര്‍ത്തി. ഇവിടെ നല്ല ഒഴുക്കുള്ള ഭാഗമാണ്. സംഭവ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ച പരീതിന്റെ കബറടക്കം ഇന്ന് 10ന് പേട്ട മുസ്ലിം ജുമാ മസ്ജിദില്‍.
ഭാര്യ – കാഞ്ഞിരപ്പള്ളി മടുക്കോലിപറമ്പില്‍ റംലാ ബീവി. മക്കള്‍ – നിഷാന, ആഷ്ന, സുബിന്‍. മരുമക്കള്‍ – ഹാഷിം, മുഹമ്മദ്, ഷൈമ.