റാന്നി : റാന്നി അവിട്ടം ജലോത്സവത്തിന് തടസ്സമായിരുന്ന പമ്പാനദിയിലെ പുല്ലൂപ്രം കടവിൽ മണൽപ്പുറ്റ് നീക്കണമെന്ന ആവശ്യത്തെത്തുടർന്ന് നടപടികളുടെ ഭാഗമായി ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മണൽപ്പുറ്റ് നീക്കംചെയ്യുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കി അനുമതിക്കായി സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പമ്പാനദിയിലെ പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിലാണ് ജലോത്സവം നടക്കുന്നത്. ഇവിടെ മൂന്ന് സ്ഥലത്താണ് മണൽപ്പുറ്റ് ജലോത്സവത്തിനു തടസ്സമായിട്ടുള്ളത്. ജലോത്സവത്തിനു തടസ്സമായ മണൽപ്പുറ്റ് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് അവിട്ടം ജലോത്സവസമിതി പ്രമോദ് നാരായൺ എംഎൽഎ മുഖേന ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയിരുന്നു.
മന്ത്രിയുടെ നിർദേശപ്രകാരമാണ് ജലവിഭവവകുപ്പ് റാന്നി അസിസ്റ്റന്റ് എൻജിനീയർ ഫെലിക്സ് ഐസക് പനച്ചിക്കൽ, ഓവർസീയർ എം.എസ്. ദീനു എന്നിവർ സ്ഥലം സന്ദർശിച്ചത്. സമിതി പ്രസിഡന്റ് ജേക്കബ് മാത്യു, ഓർഗനൈസിങ് സെക്രട്ടറി രവി കുന്നയ്ക്കാട്ട്, വൈസ് പ്രസിഡന്റ് സമദ് മേപ്രത്ത്, അങ്ങാടി പഞ്ചായത്തംഗം ബി. സുരേഷ്, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജനറൽ സെക്രട്ടറി ജി. വിനോദ്കുമാർ, എൻഎസ്എസ് കരയോഗം, പുല്ലൂപ്രം പള്ളിയോടം ഭാരവാഹികളായ സന്തോഷ്‌കുമാർ, ജയകുമാർശർമ, ശ്രീധരൻനായർ,ബാദാരായണൻ എന്നിവർ മണൽപ്പുറ്റുമൂലം ജലോത്സവത്തിനുള്ള ബുദ്ധിമുട്ടുകൾ വിവരിച്ചു. ഇത് നീക്കംചെയ്യാൻ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുമെന്ന് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.