കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കഴിഞ്ഞദിവസം കോഴിക്കോട് നടന്നത് സ്വാഭാവിക ഔദ്യോഗിക നടപടികള്‍ മാത്രം. വയനാട് ഉപതെരഞ്ഞെടുപ്പ് കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സാധാരണ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വയനാട് ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റില്‍ മോക് പോളിംഗ് തുടങ്ങിയിരുന്നു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ്. 2019ല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വര്‍ഷം തടവു ശിക്ഷിച്ചത്. എല്ലാ കളളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേരുവന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.