കല്പറ്റ: വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം തട്ടിയെടുത്ത കേസിൽ ഒഡിഷ സ്വദേശിയെ വയനാട് സൈബർ പോലീസ് പിടികൂടി. ഒഡിഷ സത്യഭാമപ്പുർ ഗോതഗ്രാം സ്വദേശി സുശീൽകുമാർ ഫാരിഡ (31) ആണ് അറസ്റ്റിലായത്. മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വേർ എൻജിനിയറിൽനിന്ന് 13 ലക്ഷത്തോളംരൂപ തട്ടിയ കേസിലാണ് സുശീൽകുമാർ ഫാരിഡ പിടിയിലായത്. ടെലിഗ്രാംവഴി സിനിമാനിരൂപണം നൽകിയാൽ വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സോഫ്റ്റ്‌വേർ എൻജിനിയറുമായി ബന്ധം സ്ഥാപിച്ചത്. മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 2024 മാർച്ചിലാണ് പരാതിക്കാരിയെ പ്രതികൾ ടെലിഗ്രാംവഴി ബന്ധപ്പെട്ടത്. ഓൺലൈൻ ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണയായി ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പാണെന്നു മനസ്സിലാക്കിയ പരാതിക്കാരി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (1930) വഴി പരാതി രജിസ്റ്റർചെയ്യുകയായിരുന്നു. തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സൈബർ പോലീസ് മാസങ്ങൾനീണ്ട അന്വേഷണത്തിൽ ചെന്നൈ സ്വദേശിയും ഓട്ടോറിക്ഷാഡ്രൈവറുമായ മുരുകൻ എന്നയാളെ പിടികൂടി. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് ഒഡിഷക്കാരനായ സുശീൽകുമാർ ഫാരിഡയെക്കുറിച്ചറിയുന്നത്.പ്രതി ചെന്നൈയിലെത്തി വ്യാജകമ്പനിയുടെപേരിൽ ചെറിയ തുകകൾ നൽകി ബാങ്ക് അക്കൗണ്ടുകൾ വാങ്ങിയെന്നും അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോൺനമ്പർ മാറ്റി തട്ടിപ്പ് നടത്തിയെന്നും വിവരം ലഭിച്ചു. മുരുകന്റെ അക്കൗണ്ട് പണംകൊടുത്തുവാങ്ങിയാണ് പ്രതി സോഫ്റ്റ്‌വേർ എൻജിനിയറിൽനിന്ന് പണം തട്ടിയെടുത്തത്. ഒഡിഷയിലേക്ക് തിരികെപ്പോയ പ്രതിയുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു. ഇയാൾ വീണ്ടും മുംബൈയിലെത്തിയപ്പോഴാണ് പിടികൂടിയത്.
ആഡംബര ഫ്ലാറ്റുകൾ നിറഞ്ഞ റോയൽ പാം എസ്റ്റേറ്റ് എന്ന സ്ഥലത്ത് ആഡംബര കാറായ ബിഎംഡബ്ല്യുവിൽ യാത്രചെയ്യവേയാണ് ഇയാൾ പിടിയിലായത്. കാറും കാറിലുണ്ടായിരുന്ന നാലു ഫോണുകൾ, സിം കാർഡുകൾ, അക്കൗണ്ട് ബുക്കുകൾ, ചെക്ക് ബുക്കുകൾ, എടിഎം കാർഡുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. പ്രതി ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങൾ ഉറപ്പാക്കാൻ വയനാട് ആർടി ഒാഫീസിലെ എംവിഐ പത്മലാലിന്റെ സഹായവും പോലീസിന് ലഭിച്ചു.ഇൻസ്പെക്ടർ എസ്എച്ച്ഒ ഷജു ജോസഫിന്റെ നേതൃത്വത്തിൽ എസ്ഐ എ.വി. ജലീൽ, എഎസ്ഐമാരായ കെ. റസാക്ക്, പി.പി. ഹാരിസ്, എസ്‍സിപി സലാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.