കൽപറ്റ : വയനാട് പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി നിർമിക്കുന്ന വീടുകളുടെ കുറ്റിയടിക്കൽ ചടങ്ങ് ബുധനാഴ്ച ഉച്ചക്ക് ശേഷം 2.30ന് അമ്പലവയൽ കുറിഞ്ഞിലകത്ത് നടക്കും. പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ പരിപാടി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ അഞ്ചുവീടുകൾക്കാണ് കുറ്റിയടിക്കുന്നത്. മൊത്തം 25 കുടുംബങ്ങളെ പുനധിവസിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പാർട്ടിയുടെ ഗൾഫ് ഘടകമായ ഐ.എം.സി.സിയുമായി ചേർന്നാണ് പുനരധിവാസ പദ്ധതിക്ക് രൂപം നൽകിയത്. മലപ്പുറം കരിപ്പൂരിലെ ഒ.പി അബ്ദുൽ ഖാദറും ഐ.എൻ.എൽ മലപ്പുറം ജില്ല ട്രഷറർ കൂടിയായ ആലി മുഹമ്മദ് ഹാജിയും സൗജന്യമായി നൽകിയ ഭൂമിയിലാണ് വീട് നിർമ്മാണം ആരംഭിക്കുന്നതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, സി.പി.എം വയനാട് ജില്ല സെക്രട്ടറി ഗഗാറിൻ, സി.പി.ഐ സെക്രട്ടറി ഇ.ജെ. ബാബു, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.പി ശ്രേയാംസ് കുമാർ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് സി.കെ, വൈസ് പ്രസിഡന്റ്, ഷമീർ. കെ, ഐ എൻ എൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് ഹമീദ് മാസ്റ്റർ, ജില്ലാ പ്രസിഡൻ്റ് എ പി അഹമ്മദ് ഐ.എൻ.എല്ലിന്റെയും പോഷക ഘടകങ്ങളുടെയും ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.