നടുവിൽ : വംശനാശഭീഷണി നേരിടുന്ന വയനാടൻ വാളയെന്ന മത്സ്യത്തെ നടുവിൽ പഞ്ചായത്തിലെ പുല്ലംവനം അയ്യൻമട ഗുഹയിൽ കണ്ടെത്തി. പ്രദേശവാസികൾ നേരത്തേതന്നെ മത്സ്യത്തെ ഗുഹയ്ക്കുള്ളിൽ കാണാറുണ്ടെങ്കിലും വയനാടൻ വാളയാണെന്ന് തിരിച്ചറിഞ്ഞത് കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർഥിയും കടൂർ സ്വദേശിയുമായ പി.ശ്രീബിന്റെ വരവോടെയാണ്. വയനാടൻ വാള പോലുള്ള മത്സ്യങ്ങളുടെ സാന്നിധ്യമുള്ള അയ്യൻമട സംരക്ഷിക്കപ്പെടണമെന്ന് ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥിയായ പി.ശ്രീബിൻ പറഞ്ഞു. ഇരുട്ടിൽ കഴിയുന്ന മത്സ്യങ്ങളെക്കുറിച്ചും ഉഭയജീവികളെക്കുറിച്ചുമൊക്കെ പഠനം നടത്തുന്നവർക്ക് ഗുഹ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.
ജില്ലയിലെ ആദിവാസികൾ തെരള എന്ന ഓമനപേരിട്ടു വിളിക്കുന്ന മീനാണ് വയനാടൻ വാള. മുഷി വർഗത്തിൽപ്പെടുന്ന ഇവ വെളിച്ചമില്ലാത്ത സ്ഥലങ്ങളിലാണ് കാണപ്പെടാറ്. ഒഴുക്കുകുറഞ്ഞ കല്ലുകൾ നിറഞ്ഞ സ്ഥലങ്ങളിലും കൽപ്പൊത്തുകളിലും കഴിയുന്നവയാണ്. മഴക്കാലത്ത് പ്രജനനത്തിനായി ദേശാടനം നടത്തുന്നവയാണ് വയനാടൻവാള. 1873 ൽ മത്സ്യഗവേഷകനായ ഫ്രാൻസിസ് ഡേയാണ് വൈത്തിരിയിൽ മീനിനെ കണ്ടെത്തിയത്. 30 സെന്റീമീറ്റർ വരെ വളരാറുണ്ട്. ഈ വിഭാഗത്തിൽ മൂന്നിനം മീനുകളാണുള്ളത്. ചന്ദ്രഗിരി, കാവേരി, തുംഗഭദ്ര നദികളുടെ കൈവഴികളിലെ ഇരുൾനിറഞ്ഞ സ്ഥലങ്ങളിലും വയനാടൻ വാളയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പശ്ചിമഘട്ടത്തിലെ അപൂർവ സസ്യജാലങ്ങൾ അയ്യൻമടയിലുണ്ട്. ഭൂമിക്കടിയിലൂടെ 500 മീറ്ററിലധികം നീണ്ടുകിടക്കുന്നതാണ് ഗുഹ. 60 മീറ്ററോളം വെളിച്ചത്തിന്റെ സഹായത്തോടെ കടന്നുചെല്ലാൻ പറ്റും. ജൈവവൈവിധ്യ പ്രാധാന്യം കണക്കിലെടുത്ത് ഗുഹയും പരിസരവും നശിപ്പിക്കാതെ സംരക്ഷിച്ചുവരികയാണ്. അപൂർവ സസ്യജാലങ്ങൾ അയ്യൻമടയിലുണ്ടെന്ന ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ ബെന്നി മുട്ടത്തിൽ പറഞ്ഞു. ഭൂമിക്കടിയിലൂടെ 500 മീറ്ററിലധികം നീണ്ടുകിടക്കുന്നതാണ് ഗുഹ. 60 മീറ്ററോളം വെളിച്ചത്തിന്റെ സഹായത്തോടെ കടന്നുചെല്ലാൻ പറ്റും. ജൈവവൈവിധ്യ പ്രാധാന്യം കണക്കിലെടുത്ത് ഗുഹയും പരിസരവും നശിപ്പിക്കാതെ സംരക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.