ദില്ലി: എല്ലാവരെയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഹരിയാനയിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം. തന്റെ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റിയാണ് ഉപയോഗിച്ചതെന്ന് ഖട്ടാര്‍ പറഞ്ഞു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്തിയ വാര്‍ത്തസമ്മേളനത്തിലെ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്കാധാരമായത്. സംസ്ഥാനത്ത് ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ ജനങ്ങളോട് മനോഹര്‍ ലാല്‍ ഖട്ടാര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, പോലീസിനോ സൈന്യത്തിനോ എന്നല്ല ആര്‍ക്കും ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. ഞങ്ങള്‍ക്ക് എല്ലാവരെയും സംരക്ഷിക്കാന്‍ സാധിക്കില്ല. എന്നായിരുന്നു ഖട്ടാറിന്റെ വാക്കുകള്‍.
തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് ഖട്ടാര്‍ പിന്നീട് വിശദീകരിക്കുകയായിരുന്നു. ജനങ്ങളുടെ സംരക്ഷണത്തിന് സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെങ്കിലും ആളുകള്‍ക്കിടയില്‍ സൗഹാര്‍ദമുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നാണ് പറഞ്ഞതെന്നാണ് വിശദീകരണം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ട മോനു മനേസര്‍ എന്ന വ്യക്തിയെക്കുറിച്ച് സംസ്ഥാനത്തിന് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മോനു മനേസറിനെതിരെയുള്ള കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത് രാജസ്ഥാന്‍ സര്‍ക്കാരാണെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി.