മാരാമൺ: മനുഷ്യകുലത്തിന് നഷ്ടപ്പെട്ടുപോയ ദൈവ സാദൃശ്യത്തിന്റെ വീണ്ടെടുപ്പാണ് ക്രിസ്തുവിൽ സാധ്യമാകുന്നത്. മറ്റുള്ളവരിൽ ദൈവസാദൃശ്യം ദർശിക്കുവാൻ നമുക്ക് ഓരോരുത്തർക്കും കഴിയണം എന്ന് ബിഷപ്പ് മാക്കേ എംജെ മസാങ്കോ ഓർമ്മിപ്പിച്ചു. മാരാമൺ കൺവൻഷനിലെ സന്നദ്ധസംഘം മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ദൈവത്തിൽ നിന്ന് അകന്നുപോകുമ്പോൾ ദൈവസ്നേഹം നമ്മെ തേടിവരുന്നു. ആരാധനയ്ക്ക് കടന്നു വരുന്നത് ചിലപ്പോൾ രോഗസൗഖ്യത്തിനോ ആത്മീകസൗഖ്യത്തിനോ ആയിരിക്കാം. ഏത് രോഗത്തിന്റെയും പ്രതിസന്ധികളുടെയും നാളുകളിലും ദൈവം നമ്മോടൊപ്പം ഉണ്ട്. വെളിപാട് പുസ്തകം ഓർമ്മിപ്പിക്കുന്നത് പോലെ നമ്മുടെ കണ്ണിൽനിന്ന് അവൻ കണ്ണുനീർ തുടച്ചുനീക്കും.
രോഗാതുരമായ സാഹചര്യങ്ങളിൽ ദൈവം നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. അവൻ നമ്മുടെ ഇടയിൽ കൂടാരമടിച്ച് പാർക്കുന്നു, കാരണം ക്രൂശിനു മുൻപിൽ അവനും ഈ അനുഭവങ്ങളിലൂടെ കടന്നുപോയതാണ്. അതിനാൽ ജീവന്റെ സമൃദ്ധി എല്ലാവർക്കും നൽകുവാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവം നമുക്ക് സൗഖ്യം നൽകുമ്പോൾ ദൈവത്തിന്റെ സൗഖ്യത്തിന്റെ കരം ലോകം അറിയണം. സൗഖ്യത്തിലൂടെ നമുക്ക് തിരികെ ലഭിച്ച ദൈവസാദൃശ്യത്തിന്റെ ചാലകശക്തിയായി നാം തീരുമ്പോഴാണ് നമ്മുടെ ക്രിസ്തീയ ദൗത്യം ഭൂമിയിൽ സാധ്യമാകുന്നത് എന്നും അദ്ദേഹം പ്രസ്താവിച്ചു. റവ. സജീവ് തോമസ്, പ്രൊഫ. ഏബ്രഹാം പി. മാത്യു എന്നിവർ പ്രസംഗിച്ചു. മാത്യൂസ് മാർ സെറാഫിം, സഖറിയാസ് മാർ അപ്രേം, ഡോ. ഐസക്ക് മാർ ഫിലക്സിനോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, ജസ്റ്റീസ് അലക്സാണ്ടർ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.