തിരുവനന്തപുരം : സംസ്ഥാനത്ത് നാശം വിതച്ച് അതിശക്ത മഴ തുടരുന്നു. 7 ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നാലിടത്ത് യെല്ലോ അലര്‍ട്ടുമാണുള്ളത്. നാലു ദിവസം സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനത്തിലാണിത്. ബുധനും വ്യാഴവും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യത. ബുധന്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് (അതിശക്ത മഴ) പ്രഖ്യാപിച്ചു. ബുധന്‍ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴം തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) ആണ്.
യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാന ജാഗ്രത പാലിക്കണം. ശനിവരെ സംസ്ഥാനത്ത് 40 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. തിങ്കള്‍ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ കാസര്‍കോട് കാക്കടവില്‍ 133ഉം പരപ്പനങ്ങാടിയില്‍ 124ഉം കൊടുങ്ങല്ലൂരില്‍ 110 ഉം മില്ലീമീറ്റര്‍ മഴ ലഭിച്ചു. കനത്ത മഴയില്‍ തലസ്ഥാനത്ത് മരണം രണ്ടായി. കഴിഞ്ഞ ദിവസം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ചുമട്ടുതൊഴിലാളിയുടെ മൃതദേഹം ബുധനാഴ്ച കണ്ടെത്തി. ഈ റോഡ് കളത്തില്‍ വീട്ടില്‍ സുരേഷിന്റെ (ഡോളി 48) മൃതദേഹമാണ് വേളി ബോട്ട് ക്ലബ്ബിനു സമീപത്ത് കണ്ടെത്തിയത്. തിങ്കളാഴ്ച അഞ്ചുതെങ്ങില്‍ മീന്‍പിടിത്തത്തിനിടെ കടലില്‍ വള്ളം മറിഞ്ഞ് പുത്തന്‍മണ്ണ് ലക്ഷംവീട് കോളനിയില്‍ എ.ബാബു മരിച്ചിരുന്നു. ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്.