കൊല്ലം : ആദ്യ രണ്ട് വിവാഹങ്ങള്‍ മറച്ചുവെച്ച് മൂന്നാം വിവാഹത്തിനായി വധുവിന്റെ വീട്ടിലെത്തിയ യുവാവിനെ ആദ്യ ഭാര്യമാര്‍ ചേര്‍ന്നു പിടികൂടി പോലീസിനു കൈമാറി. വാളകം അറയ്ക്കല്‍ ലോലിതാ ഭവനില്‍ അനില്‍ കുമാറിനെയാണ് (38) കാഞ്ഞാവെളിയില്‍ നിന്നും കഴിഞ്ഞദിവസം പിടികൂടിയത്.
രണ്ടാം ഭാര്യയില്‍ നിന്നും 60,000 രൂപയും സ്വര്‍ണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് ഇയാള്‍ കാഞ്ഞാവെളിയില്‍ എത്തിയത്. കോട്ടയം സ്വദേശിയായ ഇയാള്‍ സിആര്‍പിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് പറഞ്ഞത്. 2005ല്‍ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനില്‍കുമാര്‍ ആദ്യ വിവാഹക്കാര്യം മറച്ചുവെച്ച് 2014ല്‍ തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചു.
ഇതിനിടെയാണ് നാലു മാസം മുന്‍പ് കാഞ്ഞാവെളിയില്‍ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്നു വിവാഹം ഉറപ്പിച്ചു. ഇന്നലെ രാവിലെയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിലെത്തി. സംഭവം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിച്ചു.
ഇരുവരും ചേര്‍ന്ന് കൊട്ടാരക്കര എസ്പി ഓഫിസില്‍ പരാതി നല്‍കി. എസ്പിയുടെ നിര്‍ദേശ പ്രകാരം പിങ്ക് പോലീസും അഞ്ചാലുംമൂട് പോലീസും ചേര്‍ന്ന് കാഞ്ഞാവെളിയിലെ വീട്ടില്‍ ആദ്യ ഭാര്യമാരുമായെത്തി. ആദ്യ ഭാര്യമാര്‍ ചേര്‍ന്നു അനില്‍കുമാറിനെ ഇവിടെ നിന്നും പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.