തിരുവനന്തപുരം: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തിനു നേരെ രാത്രിയിലുണ്ടായ പോലീസാക്രമണത്തെക്കുറിച്ച് പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന എസ്.പി. റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അന്വേഷണം സത്യസന്ധവും സുതാര്യവുമായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് നിയമപരമായി വിലയിരുത്തിയ ശേഷം ആരോപണത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് റേഞ്ച് ഐ.ജി. ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. എസ്. പി.യുടെ അന്വേഷണറിപ്പോർട്ടും ഒപ്പം സമർപ്പിക്കണം.ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്പർ, നിലവിലെ മേൽവിലാസം എന്നിവ ഐ.ജി.യുടെ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
മാർച്ച് 14ന് രാവിലെ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ ഐ.ജി. നിയോഗിക്കുന്ന സീനിയർ ഉദ്യോഗസ്ഥർ സിറ്റിംഗിൽ പങ്കെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.