തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. എന്നാല്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഫോട്ടോ സ്റ്റുഡിയോകള്‍ ഇന്നും നാളെയും തുറക്കാം. രാത്രി എട്ടുമണി വരെ പ്രവര്‍ത്തിക്കുവാന്‍ അനുവാദമുണ്ട്. സാധാരണ ദിവസങ്ങളില്‍ സ്റ്റുഡിയോകള്‍ തുറക്കുവാന്‍ നേരത്തെതന്നെ അനുവാദമുണ്ട്.
നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിട്ടും രോഗനിരക്ക് കുറയാത്തതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. കൊവിഡ് തടയാനുള്ള സമ്പൂര്‍ണ അടച്ചിടലിനു ബദല്‍ മാര്‍ഗം തേടി സര്‍ക്കാര്‍. എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നും പകരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ അന്വേഷിക്കണമെന്നും കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയേയും ചുമതലപ്പെടുത്തി.
വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യ വിദഗ്ധരും ഉള്‍പ്പെട്ട ടീമിനാണ് ഇതിന്റെ ചുമതല. ജില്ലാ കളക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രാദേശികതലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍ ദിവസേന ടിപിആര്‍ വര്‍ധിച്ചു വരുന്നതിനാല്‍ ഇളവുകള്‍ എത്രത്തോളം നല്‍കാനാകുമെന്ന കാര്യത്തില്‍ വിദഗ്ധ സമിതിക്ക് സംശയങ്ങളുണ്ട്.