ഉറക്കമുണര്‍ന്നാല്‍ ആദ്യം വെറും വയറ്റില്‍ കാപ്പിയോ ചായയോ കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. പലര്‍ക്കും വെറും വയറ്റില്‍ ഒരു കപ്പ് കട്ടന്‍ ചായയോ കട്ടന്‍ കാപ്പിയോ കുടിച്ചാലെ ആ ദിവസം ഉന്മേഷകരമാകൂ. എന്നാല്‍ ചായയും കാപ്പിയും വെറും വയറ്റില്‍ കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. കാരണം രാവിലെ വെറും വയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്കും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ തടസം സൃഷ്ടിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇത് കാരണമാകും. അമിതഭാരമുള്ളവര്‍ ഒരിക്കലും ഇത് രാവിലെ കഴിക്കാനും പാടില്ല. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പകരം തിരഞ്ഞെടുക്കാനുള്ള മികച്ചതും ആരോഗ്യകരവുമായ ഇതരമാര്‍ഗങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
ചെറുചൂടുള്ള വെള്ളത്തില്‍ 2-3 നുള്ള് മഞ്ഞളും കുരുമുളകും ഇട്ട് സൂപ്പര്‍ ഹെല്‍ത്തി മോണിംഗ് ഡ്രിങ്ക് ഉണ്ടാക്കാം. ഈ പാനീയം നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കാനും അധിക കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും. രാവിലെ ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. രണ്ട് കപ്പ് വെള്ളമെടുത്ത് അതില്‍ ഒരു നുള്ള് ജീരകം പെരുംജീരകം എന്നിവയിട്ട് തിളപ്പിക്കുക. വെള്ളം പകുതിയായി കുറഞ്ഞു കഴിഞ്ഞാല്‍ അരിച്ചെടുത്ത് കുടിക്കുക. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ പാനീയം ദഹനം മെച്ചപ്പെടുത്തുന്നതിനും വയറുവേദനയെ നേരിടുന്നതിനും സഹായിക്കും. ചെറുചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞെടുക്കുക. ഇത് എരിവുള്ളതായി തോന്നുന്നുവെങ്കില്‍ അല്പം തേന്‍ കൂടി ചേര്‍ക്കാം. ഒപ്പം ഒരു നുള്ള് കറുവപ്പട്ടയും ചേര്‍ക്കാം. വെറുംവയറ്റില്‍ ഇത് കുടിക്കുന്നത് ഉന്മേഷദായകവും നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും.
തിരക്കേറിയ ജീവിതക്രമം പിന്തുടരുന്നവരാണ് നിങ്ങളെങ്കില്‍ ഇത്തരം പാനീയങ്ങള്‍ക്ക് കൂടി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ സാധിക്കില്ല. അത്തരം ഘട്ടങ്ങളില്‍ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യും. നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കും. ഈ പാനീയങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ കഴിച്ചു കഴിഞ്ഞാല്‍ കുതിര്‍ത്ത ബദാം, അണ്ടിപ്പരിപ്പ് പോലെയുള്ളവ കഴിക്കുന്നത് ഉറപ്പാക്കുക. ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവയും കഴിക്കാം. ഇവയിലേതെങ്കിലും കഴിച്ച് അല്‍പസമയം കഴിഞ്ഞ് രാവിലെ ചായയോ കാപ്പിയോ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.