മല്ലപ്പള്ളി : കല്ലൂപ്പാറ അഗ്രിക്കിച്ചർ പ്രൊഡ്യൂസേഴ്‌സ് ആൻഡ് പ്രമോട്ടേഴ്‌സ് അസോസിയേഷന്റെ (കപ്പ) ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ജനുവരി 25ന് കറുത്തവടശേരികടവ് പാലത്തിന് സമീപം പച്ചത്തുരുത്തിൽ സംഘടിപ്പിക്കുന്ന വിത്തുവേലിചന്തയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ ചെയർപേഴ്സണും സംഘം സെക്രട്ടറി ലെജു ഏബ്രഹാം ജനറൽകൺവീനറുമായാണ് അഞ്ച് അംഗങ്ങളാണ് സ്വാഗതസംഘം രൂപീകരിച്ചത്. കിഴങ്ങുവിളകൾ, വിവിധയിനം നാടൻ- ശങ്കരയിനം പച്ചക്കറികളുടെ വിത്തുകളും തൈകളും, അപൂർവയിനം വൃക്ഷങ്ങളുടൈ തൈകൾ, മായം കലരാത്ത നാടൻ ഭക്ഷ്യ ഉൽപന്നങ്ങൾ, ജലാശയങ്ങളിൽനിന്ന് പിടിച്ചെടുക്കുന്ന ജീവനുള്ള നാടൻ മത്സ്യങ്ങളുൾപ്പെടെയുള്ളവ ചന്തയിൽ എത്തും.
കർഷകർക്ക് തങ്ങളുടെ വിളകൾ ഇവിടെയെത്തിച്ചാൽ നേരിട്ട് വിൽപ്പന നടത്താനുമാകും. കാർഷിക പ്രദർശനവും കേരളത്തിന്റെ തനത് ഇനങ്ങളിൽപെട്ട നാടൻ കന്നുകാലികളുടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. സ്വാഗതസംഘം രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.കെ.മത്തായി അദ്ധ്യക്ഷത വഹിച്ചു. രാവിലെ 9.30 മുതലാണ് ചന്തയുടെ പ്രവർത്തനം. വൈസ് പ്രസിഡന്റ് എബി മേക്കിരിങ്ങാട്ട്, അംഗം റെജി ചാക്കോ, കൃഷി ഓഫീസർ എ. പ്രവീണ, സംഘം ഭാരവാഹികളായ ലെജു ഏബ്രഹാം, വിജോയ് പുത്തോട്ടിൽ, പി. ബി. സജി കുമാർ, റെജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.