തിരുവനന്തപുരം : ഒരുമാസത്തെ ക്ഷേമപെൻഷൻ 15മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അടുത്ത മാസം മുതൽ അതത് മാസം നൽകും.1600രൂപാവീതം 52ലക്ഷം പേർക്ക് കിട്ടും. 900കോടിരൂപയാണ് വേണ്ടിവരുന്നത്. മസ്റ്ററിംഗ് നടത്താത്തവർക്ക് കിട്ടില്ല. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയവർക്ക് ബാങ്ക് മുഖേനയും അല്ലാത്തവർക്ക് സഹകരണസംഘങ്ങൾ വഴി നേരിട്ടുമായിരിക്കും വിതരണം. നിലവിൽ സെപ്തംബർ മുതലുള്ള ക്ഷേമപെൻഷനാണ് കുടിശ്ശികയുള്ളത്.കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് തുടരുന്നതുകൊണ്ടാണ് ക്ഷേമപെൻഷൻ വിതരണം താളം തെറ്റിയതെന്ന് മന്ത്രി പറഞ്ഞു.
നികുതി വിഹിതവും മറ്റ് വരുമാനങ്ങളും നിഷേധിച്ചും അർഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ് ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്പയ്ക്കും കേന്ദ്രം തടസ്സമുണ്ടാക്കി. എന്നിട്ടും ക്ഷേമ പെൻഷൻ അടക്കം ജനങ്ങൾക്ക് ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി .