ആശിച്ച് മോഹിച്ച് വാഹനം സ്വന്തമാക്കിയിട്ട് എല്ലാ ദിവസവും വാഹനമോടിക്കാൻ സാധിക്കുന്നില്ല എങ്കിൽ പിന്നെയെന്ത് കാര്യം. പലരും വാഹനം വാങ്ങിയിട്ട് സ്ഥിരമായി ഓടിക്കുന്നില്ല എങ്കിൽ മൂടിപുതപ്പിച്ച് കിടത്താറാണല്ലോ പതിവ്. എന്നാൽ ഒരു കാർ ദീർഘനാൾ കിടക്കുന്നത് അറ്റകുറ്റപ്പണികൾക്ക് കാരണമാകും. ബാറ്ററിയുടെ ചാർജ് തീരുക, തുരുമ്പിച്ച ബ്രേക്കുകൾ, കൂടാതെ പ്രാണികളുടെ അല്ലെങ്കിൽ എലികളുടെ ആക്രമണവും. ഈ പ്രശ്‌നങ്ങളിൽ ഏതെങ്കിലുമൊന്ന് നിങ്ങളുടെ കാറിന്റെ മൂല്യം കുറഞ്ഞതും പ്രവർത്തിക്കാൻ സുരക്ഷിതമല്ലാത്തതുമാക്കുന്നു എന്നതാണ് കാര്യം. നിങ്ങൾ അധികം ഡ്രൈവ് ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ കാർ വിൽക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ. ആഴ്ചയിൽ ഒരിക്കൽ കാർ ഓടിക്കുക. കാർ സ്റ്റാർട്ട് ചെയ്‌ത് 15 അല്ലെങ്കിൽ 20 മിനിറ്റ് ഓടിച്ച് ചൂടാക്കുക. ഇത് കൂളിംഗ്, ലൂബ്രിക്കേഷൻ, ഫ്യുവൽ സിസ്റ്റം ഭാഗങ്ങൾ എന്നിവ നിലനിർത്താനും ബാറ്ററി ചാർജ് ചെയ്യാനും ടയറുകളിൽ പാടുകൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും. ബ്രേക്ക് റോട്ടറുകളിൽ രൂപപ്പെട്ട ഏതെങ്കിലും തുരുമ്പ് നീക്കം ചെയ്യാൻ ബ്രേക്ക് ഇടയ്ക്കിടെ ഉപയോഗിക്കുക.
ടയർ മർദ്ദം ഇടയ്ക്ക് പരിശോധിക്കുക. മിക്ക ഫാക്ടറി മെയിന്റനൻസ് ഗൈഡുകളും ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാൻ ശുപാർശ ചെയ്യുന്നുണ്ട്. ഓയിലുകൾ പതിവായി പരിശോധിക്കുക. ഓയിൽ, കൂളന്റ്, വിൻഡ്ഷീൽഡ് വാഷർ ഫ്ലൂയിഡ് എന്നിവ ടോപ്പ് ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. കാറിന്റെ അടിയിൽ ചോർച്ചയുണ്ടോയെന്ന് കൂടി പരിശോധിക്കുക. നിങ്ങൾ കാർ അധികം ഓടിക്കുന്നില്ലെങ്കിലും എണ്ണയും കൂളന്റും ഇടയ്ക്കിടെ മാറ്റേണ്ടതുണ്ട്. നിങ്ങളുടെ കാറിന്റെ നിർമ്മാതാവ് നിർദ്ദേശിച്ചത് പോലെ മാറ്റാൻ ശ്രമിക്കുക. അണ്ടർഹുഡ് ബെൽറ്റുകളും ഹോസുകളും പരിശോധിക്കുക. ഹോസുകൾ പൊട്ടുകയോ ചോർച്ചയോ ഇല്ലെന്ന് ഉറപ്പാക്കുക. പ്രാണികൾ, എലി എന്നിവയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ കാർ ഒരു ഗാരേജിൽ പാർക്ക് ചെയ്‌തിട്ടുണ്ടെങ്കിൽപ്പോലും അത് പൂപ്പലിന് സാധ്യതയുണ്ട്.
കൃത്യസമയത്ത് സർവീസ് നടത്തുക എന്നത് തന്നെയാണ് ഏതൊരു വാഹനം വാങ്ങിയാലും ശ്രദ്ധിക്കേണ്ട ആദ്യ കാര്യം. നമുക്ക് അസുഖം വരുമ്പോൾ കൃത്യമായ സമയത്ത് ചികിത്സ തേടുന്ന അതേ നയം ഇവിടെയും സ്വീകരിക്കേണ്ടതുണ്ട്. ഒരു കാർ വാങ്ങുന്നത് ആദ്യപടി മാത്രമാണ്. മെയിന്റനെൻസും സർവീസും കാർ ദീർഘകാലം നിലനിൽക്കുന്നതിനുള്ള പ്രധാന ഘട്ടങ്ങളാണെന്നും ഓർമിക്കാം. സർവീസ് ഇന്റർവെല്ലുകൾ ഒരിക്കലും ഒഴിവാക്കുകയും അരുത്. കാർ വാങ്ങുമ്പോൾ ലഭിക്കുന്ന മാനുവലിൽ പറയുന്ന കാര്യങ്ങൾ ചെയ്യാൻ അംഗീകൃത ടെക്നീഷ്യനെ അനുവദിക്കുക. കൂടാതെ സമയമാകുമ്പോൾ ടയറുകൾ മാറ്റുക, എന്തെങ്കിലും തകരാറുകളുണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയാൽ അത് ഉടൻ പരിശോധിക്കുക. തുടക്കത്തിൽ തന്നെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ധാരാളം പണം ലാഭിക്കാൻ നമുക്കാവും. ഇക്കാര്യത്തിൽ പലരും വിമുഖത കാണിക്കുന്നതാണ് പിന്നീട് പോക്കറ്റ് ചോരാൻ കാരണമാവുന്നത്.
കാർ വാങ്ങുമ്പോൾ അതിന്റെ കൂടെ ലഭിക്കുന്ന മാനുവൽ വായിച്ച് കാര്യങ്ങൾ മനസിലാക്കുക എന്നതും ആദ്യം ചെയ്യേണ്ട ഒന്നാണ്. ഇത് അനാവശ്യമാണെന്ന് തോന്നുമെങ്കിലും വാഹനത്തിന്റെ ഫ്യൂസുകൾ എവിടെയാണ്, ഏതുതരം ഓയിലാണ് ഉപയോഗിക്കേണ്ടത്, എപ്പോൾ കാർ സർവീസ് ചെയ്യണം, എത്ര ടയർ മർദ്ദം ശുപാർശ ചെയ്യപ്പെടുന്നു തുടങ്ങിയ പല കാര്യങ്ങളും മാനുവൽ മനസിലാക്കി തരും. കൂടാതെ കൺട്രോളുകൾ, അവയുടെ പ്രവർത്തനം അവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നിവയെക്കുറിച്ച് പരിചയപ്പെടാനും മാനുവൽ സഹായിക്കുന്നു. പുതിയ കാർ വാങ്ങുമ്പോൾ നാം ആദ്യം ചെയ്യുന്ന കാര്യങ്ങളിൽ ഒന്നായിരിക്കാം ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ. രണ്ടുപ്രാവശ്യം ചിന്തിച്ചതിനു ശേഷം മാത്രമേ ഇക്കാര്യങ്ങളിലേക്ക് കൂടുതൽ കടക്കാവൂ. പുതിയ കാറുമായി ഇത്തരം കടകളിലേക്ക് ചെന്ന് പുതിയ മ്യൂസിക് സിസ്റ്റമെല്ലാം വാങ്ങി ജോറാക്കാറുണ്ട് പലരും. അപ്‌ഗ്രേഡ് ചെയ്‌ത സ്പീക്കറുകൾ, ഫോഗ് ലൈറ്റുകൾ എന്നിവയും അതിലേറെ കാര്യങ്ങളും ഉപയോഗിച്ച് വാഹനത്തെ മിനുക്കുന്നവരുമുണ്ട്.