ഇന്ന് ഓഫീസില്‍ മാത്രമല്ല, കാറ് മുതല്‍, ബസില്‍ വരെ ഏസിയുണ്ട്. ചൂട് സമയത്ത് സാധാ ഫാന്‍ ഇട്ടാല്‍ പോലും ആര്‍ക്കും ആശ്വാസം ലഭിക്കാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ, പലരും ഏസി അമിതമായി തന്നെ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ഓഫീസില്‍ ആയാലും അതുപോലെ, വീട്ടിലായാലും അമിതമായി ഏസി ഉപയോഗിക്കുന്നത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളിലേയ്ക്ക് നമ്മളെ നയിക്കുന്നുണ്ട്. ഇവ പലപ്പോഴും ഏസിയില്‍ ഇരിക്കുന്നത് കൊണ്ടാണെന്ന് നമ്മള്‍ പോലും മനസ്സിലാക്കാറില്ല. ഇത്തരത്തില്‍ ഏസിയില്‍ ദീര്‍ഘനേരം ഇരുന്നാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
കണ്ണുകളിലെ ജലാംശം വറ്റുമ്പോഴാണ് കണ്ണുകള്‍ വരണ്ട് പോകുന്നത്. ഇത്തരത്തില്‍ കണ്ണുകള്‍ വരണ്ട് പോകുന്നത്, കാഴ്ച്ചശക്തി കുറയ്ക്കാനും കണ്ണിന് ചൊറിച്ചിലും ചുവന്ന് വരുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ കണ്ണുകള്‍ ഡ്രൈ ആയി പോകുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്ന് ഏസി മുറിയില്‍ അമിതമായി ഇരിക്കുന്നത് തന്നെ. നമ്മളുടെ കണ്ണുകളില്‍ ഈര്‍പ്പം നിലനില്‍ക്കണമെങ്കില്‍ അന്തരീക്ഷത്തിലും ഈര്‍പ്പം വേണം. എന്നാല്‍, ഏസി മുറികളില്‍ അന്തരീക്ഷ ഈര്‍പ്പം ഉണ്ടായിരിക്കുകയില്ല. അതിനാല്‍ തന്നെ, കണ്ണുകള്‍ വരണ്ട് പോകുന്നതിലേയ്ക്ക് ഇത് നയിക്കുന്നു. വരണ്ട കണ്ണുകള്‍ ഉള്ളവര്‍ക്ക് പ്രകാശത്തിലേയ്ക്ക് നേരിട്ട് നോക്കാന്‍ പറ്റാത്ത അവസ്ഥ, രാത്രിയില്‍ വണ്ടി ഓടിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഇവര്‍ക്ക് പതിവാണ്.
ഏസി മുറിയില്‍ ഇരുന്ന് അമിതമായി പണി എടുക്കുന്നവരില്‍ പ്രധാനമായും കണ്ട് വരുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് മൈഗ്രേയ്ന്‍. ഏസി മുറിയില്‍ നിന്നും മാറി സാധാ അന്തരീക്ഷതാപനിലയിലേയ്ക്ക് വരുമ്പോള്‍ അത് പലതരത്തിലുള്ള അസ്വസ്ഥതകളും, നിര്‍ജലീകരണവും അതുപോലെ, കടുത്ത തലവേദനയിലേയ്ക്കും നയിക്കും. നിങ്ങള്‍ക്ക് വിട്ടുമാറാത്ത മൈഗ്രേയ്ന്‍ ഉണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഏസി മുറിയില്‍ അമിതമായി ഇരിക്കുന്നത് തന്നെയാകും. നമ്മള്‍ നല്ല തണുത്ത പ്രദേശത്ത് നില്‍ക്കുമ്പോള്‍ അതുപോലെ തന്നെ ഏസി മുറിയില്‍ ഇരിക്കുമ്പോള്‍ പലപ്പോഴും വെള്ളം അമിതമായി ദാഹിക്കാറില്ല. ഇത്തരത്തില്‍ ദാഹം അനുഭവപ്പെടാത്തതിനാല്‍ തന്നെ പലരും വെള്ളവും കൃത്യമായ അളവില്‍ കുടിക്കുന്നില്ല.
ഇങ്ങനെ വെള്ളം ആവശ്യത്തിന് ശരീരത്തില്‍ എത്താതിരിക്കുന്നത് നിര്‍ജലീകരണത്തിലേയ്ക്ക് നയിക്കുന്നു. നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ ഒരു വ്യക്തിയില്‍ ആമിതമായി ക്ഷീണം അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. ക്ഷീണം മാത്രമല്ല, നല്ലരീതിയില്‍ തളര്‍ച്ചയും ഇവര്‍ക്ക് അനുഭവപ്പെടുന്നു. ഇവരുടേത് പൊതുവില്‍ വരണ്ട ചുണ്ടുകളും അതുപോലെ, കണ്ണുകളും വായയും വരണ്ടിരിക്കുന്നത് കാണാം. അതുപോലെ തന്നെ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാന്‍ മുട്ടുന്നതും, മൂത്രം ഒഴിക്കുമ്പോള്‍ വളരെ കുറച്ച് മാത്രം പോകുന്നതുമെല്ലാം നിര്‍ജലീകരണത്തിന്റെ ലക്ഷണമാണ്.