തിരുവനന്തപുരം: പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളിടിക്കുവാൻ നാലു വണ്ടി പോലീസിന്റെ സന്നാഹത്തോടുകൂടി തൊഴിലാളികളെ അയച്ച തിരുവനന്തപുരം കോർപ്പറേഷന്റെ നടപടി തീർത്തും കാടത്തമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന മർച്ചന്റ്സ് അസോസിയേഷൻ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വം തൊട്ടു തീണ്ടാത്തവർക്കും നിയമവ്യവസ്ഥകളെ മാനിക്കാത്തവർക്കും മാത്രം കഴിയുന്ന നടപടിയാണ് കോർപ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കള്ള സത്യവാങ്മൂലങ്ങളും മറ്റും കോടതികളിൽ നിരത്തി വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷിതത്വം പോലും അവഗണിച്ചുകൊണ്ട് കെട്ടിയുയർത്തിയ കെട്ടിടത്തിലേക്ക് ബലാൽക്കാരമായി വ്യാപാരികളെ തള്ളി വിടുവാനുള്ള അവസാനത്തെ നീക്കം ആണ് ഈ നടപടി. പോലീസിനെ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു നിരത്തിയാലും പിടിച്ചു നിരത്തിലിറക്കിയാലും കോടതി പറഞ്ഞതനുസരിച്ചിട്ടുള്ള ക്രമീകരണങ്ങൾ നടക്കാതെ കെട്ടിടത്തിലേക്ക് ഇല്ല എന്ന് ഉറച്ച നിലപാടിലാണ് വ്യാപാരികൾ.
വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷിതത്വം ഉറപ്പാക്കിയിട്ട് വേണം വ്യാപാരികളെ മാറ്റേണ്ടതെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പരസ്യമായ ലംഘനമാണ് കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടുകൂടി നടന്നത്. ഇതിനെതിരെ കോടതി അലക്ഷ്യ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് മുൻസിപ്പൽ സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയവർ എതിർകക്ഷികളാണ്. കാറ്റും വെളിച്ചവും കയറണമെന്നും കെട്ടിടത്തിൽ നാറ്റം ഉണ്ടാകരുതെന്നും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സുരക്ഷിതമായ രീതിയിൽ ആവണം കെട്ടിടമെന്നുമുള്ള വ്യാപാരികളുടെ ആവശ്യത്തെ തെറ്റായി വ്യാഖ്യാനിച്ച് വ്യാപാരികളെ വികസന വിരോധികളായി ചിത്രീകരിക്കുവാനുള്ള ഗൂഢശ്രമം കൂടി ഇതിന്റെ പിന്നിൽ ഉണ്ടെന്നും മനോജ് പറഞ്ഞു.
വ്യാപാരികളുടെ താൽക്കാലിക പുനരുധിവാസത്തിനായി എയർ കണ്ടീഷൻ ചെയ്ത കെട്ടിടമാണ് നൽകിയത് എന്ന് ഹൈക്കോടതിയിലും ഹൈക്കോടതിയിലെ കേസ് തള്ളിയെന്ന് മനുഷ്യാവകാശ കമ്മീഷനിലും തെറ്റായി സബ്മിഷനുകൾ നൽകിയ സെക്രട്ടറിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. അടച്ചിട്ട കെട്ടിടങ്ങളുടെ പൂട്ടുകൾ തല്ലിപ്പൊളിച്ച് വിലപിടിപ്പുള്ള സാധനങ്ങൾ വാരി തെരുവിലേക്ക് എറിയുന്ന നടപടിയുമായാണ് ഉദ്യോഗസ്ഥർ നീങ്ങിയത്. ഇതിന് കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവുണ്ട് എന്നാണ് പോലീസ് വ്യാപാരികളോട് പറഞ്ഞത്. എന്നാൽ അത്തരമൊരു ഉത്തരവ് കാണിക്കുവാൻ ആരും തയ്യാറായില്ല. കാര്യം തിരക്കാൻ ചെന്ന മുതിർന്ന പൗരന്മാരെ പോലും പോലീസ് പിടിച്ചു തള്ളുകയാണ് ഉണ്ടായത്. ഇതാണ് സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടിയത് എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അസീം മുഈനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അസീം മീഡിയ, ജെ. മാടസ്വാമി പിള്ള, എസ്. മോഹൻകുമാർ, എ.എം.ആർ. ഫസലുദ്ദീൻ, ബെന്നി കൊച്ചേരിൽ, ഡി. വിദ്യാധരൻ, വി. എൻ. സജി, വിതുര റഷീദ്, സലീം ഖാൻ, എം. ഷാജഹാൻ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ രാജൻ. പി. നായർ, ജെ. റജാസ്, എസ്. ഷഹാബുദ്ദീൻ, ശോഭന കുമാരി തുടങ്ങിയവർ സംസാരിച്ചു.