ലോകത്ത് വിവിധ തരം സ്മാർട്ട് ഫോണുകൾ ഇറക്കി വിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണ് നിരവധി കമ്പനികൾ. സ്മാർട്ട് ഫോണുകളിൽ നിരവധി മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്മാർട്ട് ഫോണുകൾക്ക് തന്നെ ഒരു എതിരാളിയെ സൃഷ്ടിച്ചിരിക്കുകയാണ് ഹ്യുമെയ്ൻ എന്ന എഐ കമ്പനി. അടുത്തിടെ കമ്പനി പുറത്തിറക്കിയ ഒരു എഐ ഉപകരണമാണ് ഇപ്പോൾ ടെക് ലോകത്ത് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന വോയ്സ് കമാൻഡ് വഴി പ്രവർത്തിക്കുന്ന എഐ പിൻ ആണ് ഹ്യൂമേൻ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്. എന്നാൽ ഹ്യുമെയ്ന്റെ എഐ പിൻ എത്തുന്നതോടെ സ്മാർട്ട്ഫോണുകൾക്ക് കടുത്ത വെല്ലുവിളിയാകുമോ എന്ന ചർച്ചയാണ് ടെക് ലോകത്തെ ആശങ്കപ്പെടുത്തിയിരിക്കുന്നത്. എഐ പിൻ ഒരു സ്മാർട്ട് ഫോണുകളിനേക്കാൾ മികവായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.
ഈ ഉപകരണത്തിന് ഡിസ്‌പ്ലേയില്ല. പകരം ഒരു നീല പ്രൊജക്ടർ ആണുള്ളത്. അതിനാൽ തന്നെ ഇതിൽ പ്രത്യേകം ആപ്പുകളും ഉണ്ടാകില്ല. ഏതു തരം വസ്ത്രത്തിലും കാന്തികമായി പിടിപ്പിക്കാൻ കഴിയുന്നതാണ് എഐ പിൻ. വോയിസ് കമാൻഡ് വഴി പ്രവർത്തിപ്പിക്കാനും കൈ കൊണ്ടുള്ള ആംഗ്യങ്ങളും തിരിച്ചറിയാനും എഐ പിന്നിന് കഴിയും. മറ്റൊരു ഉപകരണത്തിന്റെയും സഹായമില്ലാതെ പ്രവർത്തിക്കുകയും ചെയ്യും. വോയിസ് കമാൻഡ് വഴി ഫോട്ടോ എടുക്കാനും കഴിയും. 699 ഡോളറാണ് ഇതിന് വില (ഏകദേശം 58212 രൂപ) 25 ഡോളറിന്റെ (2082 രൂപ) പ്രതിമാസ സബ്‌സ്‌ക്രിപ്ഷനും ഉണ്ട്. രണ്ട് ഭാഗങ്ങളാണ് എഐ പിന്നിനുള്ളത്. ഒരു കമ്പ്യൂട്ടറും ഒരു ബാറ്ററി ബൂസ്റ്ററും. കമ്പ്യൂട്ടറിലുള്ള ചെറിയ ബാറ്ററിക്ക് പവർ നൽകുന്നതിനാണ് ബാറ്ററി ബൂസ്റ്റർ. ബാറ്ററിയുടെ ലൈഫ് തീരുമ്പോൾ ബൂസ്റ്റർ ഘടിപ്പിച്ചാൽ മതിയാകും. കാന്തിക സഹായത്തോടെയാണ് ഇവ രണ്ടും ഘടിപ്പിക്കുന്നത്. ഇതിലൂടെ ഒരു ദിവസം മുഴുവനും എഐ പിൻ ഉപയോഗിക്കാൻ കഴിയും. ശബ്ദം, സ്പർശനം, വിരലുകളുടെ ചലനം, ലേസർ ഇങ്ക് ഡിസ്‌പ്ലേ എന്നിവിയലൂടെയാണ് ഈ ഉപകരണവുമായി ഉപഭോക്താവ് സംവദിക്കുന്നത്. ഉപയോക്താവിന്റെ അറിവോടെയല്ലാതെ ഡിവൈസ് പ്രവർത്തിക്കുകയില്ല. ഇതിലെ ലേസർ ഡിസ്പ്ലെ ഏത് പ്രതലത്തിലേക്ക് വേണമെങ്കിലും പ്രൊജക്ട് ചെയ്യാനാകും. ഹ്യുമേന്റെ ഒഎസ് തന്നെയാണ് ഡിവൈസിന്റെ പ്രവർത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
മറ്റൊരു പ്രത്യേകത ട്രസ്റ്റ് ലൈറ്റ് സംവിധാനമാണ്. പൂർണ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഇൻപുട്ട് ഒപ്റ്റിക്കൽ, ഓഡിയോ സെൻസറുകൾ സജീവമാകുമ്പോഴായിരിക്കും ട്രസ്റ്റ് ലൈറ്റ് തെളിയുക. ചാർജിങ് കെയ്സോടുകൂടിയാണ് എഐ പിന്നെത്തുന്നത്. എയർപോഡുകളുടേതിന് സമാനമാണ് കെയ്സ്.എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിർമിച്ച ഈ ഉപകരണം എക്ലിപ്‌സ്, ലൂണാർ, ഇക്വിനോക്‌സ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.