What Is Redeemable Debenture? കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തിന്റെ പ്രധാന പേജില്‍ വന്ന പരസ്യത്തില്‍ പറയുന്നു, അവര്‍ ഇറക്കുന്നത് റിഡീമബിള്‍ ഡിബഞ്ചര്‍ (Redeemable Debenture) ആണെന്ന്. പരസ്യം കണ്ട പലരും ഞങ്ങളോട് വിവരം തിരക്കി. എന്താണ് റിഡീമബിള്‍ ഡിബഞ്ചര്‍ എന്ന്. ചെകുത്താന്‍ ഒരു സുന്ദരിയുടെ മുഖംമൂടി ധരിച്ചാല്‍ എങ്ങനെയുണ്ട് ? അതാണ് റിഡീമബിള്‍ ഡിബഞ്ചര്‍ എന്ന് ഞങ്ങള്‍ ഉത്തരവും നല്‍കി. കടപ്പത്രം (Debenture) പലരൂപത്തില്‍ ഉണ്ടെന്നകാര്യം മുമ്പ് ഞങ്ങള്‍ പ്രതിപാദിച്ചിരുന്നു. ഒരു കമ്പിനി എങ്ങനെയും തട്ടിക്കൂട്ടും, പിന്നീട് ബിസിനസ് ചെയ്യുവാന്‍ കയ്യില്‍ കാശില്ല. ഇത്തരം കുചേലന്‍മാര്‍ക്ക് കുബേരന്‍മാര്‍ ആകുവാനുള്ള നിയമപരമായ മാര്‍ഗ്ഗമാണ് കടപ്പത്ര കച്ചവടം. കമ്പിനിയുടെയും കമ്പിനി മുതലാളിയുടെയും പത്രാസും ആഡംബര ജീവിതവും നേരില്‍ക്കാണുന്ന ജനം, അവന്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം ഇവര്‍ക്ക് നല്‍കി പകരം ഒരു കടലാസു കഷണം വാങ്ങുന്നു. ഇതാണ് കടപ്പത്രം.
ഇന്ത്യന്‍ കറന്‍സി ഒരു കടലാസു മാത്രമാണ്, എന്നാല്‍ അതിന്റെ മൂല്യം കൃത്യമായി അതില്‍ രേഖപ്പെടുത്തുകയും അതിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഗ്യാരണ്ടി നല്‍കുന്നുമുണ്ട്. ഇവിടെ സ്വകാര്യ മുതലാളിമാര്‍ നല്‍കുന്ന വെറും കടലാസ് കഷണം മാത്രമാണ് പണം നിക്ഷേപിച്ചവന്റെ കയ്യിലുള്ളത്. നിക്ഷേപിച്ച പണത്തിന് ഒരു ഗ്യാരണ്ടിയും ആരും നല്‍കുന്നില്ല. സ്വകാര്യ കമ്പിനി വാങ്ങുന്ന നിക്ഷേപത്തിന് റിസര്‍വ് ബാങ്കിന്റെ ഒരു ഗ്യാരന്റിയും നിലവിലില്ല. എന്നാല്‍ കോടികള്‍ മുടക്കിയുള്ള പരസ്യത്തിലൂടെ ജനങ്ങളുടെ കണ്ണ് മൂടിക്കെട്ടുവാന്‍ ഇവര്‍ക്ക് കഴിയുന്നു. ശരിയായി പറഞ്ഞാല്‍ ജനങ്ങള്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം കമ്പിനി മുതലാളിയുടെ പെട്ടിയില്‍ എത്തിക്കുവാനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണ് കടപ്പത്രം ഇറക്കല്‍.
Redeemable Debenture? – നമുക്ക് ഇതിലേക്ക് വരാം. Redeemable എന്ന് പറഞ്ഞാല്‍ “തിരിച്ചെടുക്കാന്‍ കഴിയുന്ന” എന്നര്‍ഥം. അതായത് സാധാരണ കടപ്പത്രങ്ങള്‍ (NCD ഉള്‍പ്പെടെ) കാലാവധി കഴിയുമ്പോള്‍ മാത്രമേ നിക്ഷേപകന് മുതലും പലിശയും അടക്കം പണം തിരികെ ലഭിക്കുകയുള്ളൂ. എന്നാല്‍ റിഡീമബിള്‍ ഡിബഞ്ചര്‍ (Redeemable Debenture) ആണെങ്കില്‍ പലിശ കൃത്യമായി എല്ലാ മാസമോ അല്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച കൃത്യമായ ഇടവേളകളിലോ നിക്ഷേപകന് ലഭിക്കും. കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ നല്‍കുന്നതാണ് ഈ കടപ്പത്രം അല്ലെങ്കില്‍ Debenture. അതായത് കടപ്പത്രം എല്ലാം ഒന്നുതന്നെയാണ്. അത് പല രൂപത്തിലും ഭാവത്തിലും വേഷത്തിലും ജനങ്ങളിലേക്ക് എത്തി നീരാളിപോലെ അവരെ പിടികൂടുന്നു. ഒരിക്കല്‍ ഈ നീരാളിയുടെ കയ്യില്‍പ്പെട്ടാല്‍ രക്ഷപെടുക അസാധ്യമാണ്.
—
What Is Redeemable Debenture? നമുക്ക് അതിന്റെ നിര്‍വചനംകൂടി നോക്കാം …
Fixed-income instruments, known as redeemable debentures, regularly pay interest to investors. An official document, a redeemable debenture issue, contains details on the investor’s investment sum, payment schedule, interest payments, and principal repayment date.
അതുകൊണ്ട് Redeemable Debenture എന്നുകേട്ടാല്‍ ആരും രോമാഞ്ചം കൊള്ളെണ്ട. പലിശ മാസംതോറും കിട്ടിയാലും അവസാനം മുതല്‍ കിട്ടിയില്ലെങ്കില്‍ പവനായി ശവമാകും. തന്നെയുമല്ല നിങ്ങള്‍ പണം കടം കൊടുക്കുന്ന മുതലാളിയെ നിങ്ങള്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ല. നിങ്ങള്‍ക്ക് അയാളെയും അയാള്‍ക്ക് നിങ്ങളെയും അറിയില്ല. അതാണ് ബുദ്ധിമാനായ ബിസിനസ് കാരന്റെ നീക്കം. നിങ്ങളുടെ പരിചയക്കാരോ വേണ്ടപ്പെട്ടവരോ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ നിങ്ങള്‍ ഈ മുതലാളിക്ക് പണം കടംകൊടുക്കുന്നു. കൊടുത്ത പണം തിരികെ കിട്ടിയില്ലെങ്കില്‍ നിങ്ങളുടെ മുമ്പില്‍ ഈ മുതലാളി ഉണ്ടാകില്ല, കാരണം അയാള്‍ നിങ്ങളുടെ കയ്യില്‍നിന്നും പണം വാങ്ങിയിട്ടില്ല. ഇടനില നിന്ന് നിങ്ങളുടെ പണം മുതലാളിക്ക് വാങ്ങി നല്‍കിയ നിങ്ങളുടെ സുഹൃത്തും നിസ്സഹായനായി കൈമലര്‍ത്തും. ഇതോടെ എന്താണ് നിങ്ങളുടെ അവസ്ഥ എന്നത് ഊഹിച്ചു നോക്കുക.
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs