ഓരോ ദിവസവും പുതിയ തരം തട്ടിപ്പുകളാണ് പുറത്തുവരുന്നത്. ഡിജിറ്റൽ ലോകത്തെ കുറിച്ച് അധികം അറിവില്ലാത്ത ആളുകളാണ് പലപ്പോഴും പറ്റിക്കപ്പെടുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരുതരം തട്ടിപ്പാണ് സിം സ്വാപ്പിങ്. ഉപഭോക്താക്കളുടെ സിം കാർഡുകൾ ഓൺലൈൻ ക്രിമിനലുകൾ ആക്‌സസ് ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതിയാണ് സിം സ്വാപ്പിങ്. സോഷ്യൽ മീഡിയകൾ വഴി നിങ്ങളുടെ സ്വകാര്യരേഖകൾ പങ്കുവെയ്ക്കാതെ ഇരിക്കുക. പല കാര്യങ്ങൾക്കുമായി നമ്മൾ ആധാർ കാർഡുകളുടെ ഫോട്ടോസ്റ്റാറ്റും മറ്റും വിവിധ സ്ഥാപനങ്ങളിൽ നൽകാറുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത ആദ്യം ഉറപ്പാക്കുക.
ഓഴിവാക്കാൻ സാധിക്കാത്ത സർക്കാർ കാര്യങ്ങൾക്കോ ബാങ്ക് ഇടപാടുകൾക്കും മാത്രം ഇത്തരത്തിൽ രേഖകൾ സമർപ്പിക്കുന്നതായിരിക്കും നല്ലത്. അല്ലാത്ത പക്ഷം നിങ്ങളുടെ രേഖകൾ ചോരാൻ സാധ്യത ഉണ്ട്. ഈ രേഖകൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് നിങ്ങളുടെ സിമ്മിന്റെ ഡൂപ്ലിക്കേറ്റ് നിർമ്മിക്കാൻ കഴിയും.
പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം, ഫോണിലെ കോൺടാക്ടുകൾ, സോഷ്യൽ മീഡിയാ നിയന്ത്രണം എന്നിവയെല്ലാം ഇവർക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ഫോൺ കോൺടാക്ടിലെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ പക്കൽ നിന്ന് നിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാനും മറ്റും ഇവർക്ക് വളരെ എളുപ്പത്തിൽ കഴിയും. മാത്രമല്ല പല ഇടപാടുകൾക്കും നിങ്ങൾക്ക് വരുന്ന ഒടിപിയും ഇവർക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിൽ എല്ലാ തരത്തിലും നിങ്ങളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണ് സിം സ്വാപ്പിങ്.
എന്നാൽ അൽപം ഒന്ന് ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. നിങ്ങളുടെ സിമ്മിന്റെ ഡുപ്ലിക്കേറ്റ് ആക്ടിവേറ്റ് ആയിക്കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ ഫോണിലെ സിം പ്രവർത്തന രഹിതമാകും. തുടർന്ന് നിങ്ങളുടെ ഫോണിന്റെ നെറ്റ് വര്‍ക്ക് നഷ്ടമാകും. നെറ്റ് വര്‍ക്ക് ഇല്ലെങ്കിൽ ഇത് ടവറിന്റെ പ്രശ്‌നമാണെന്ന് കരുതി തള്ളിക്കളയരുത്. നിങ്ങളുടെ സിമ്മിന്റെ നെറ്റ് വര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞാൽ നിങ്ങളുടെ ഐഡന്റിറ്റിയിൽ തട്ടിപ്പുകാർക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെടാൻ കഴിയും. സിം, ഫോൺ എന്നിവ നഷ്ടപ്പെട്ടാൽ ആദ്യം തന്നെ നിങ്ങളുടെ നെറ്റ് വര്‍ക്ക് ദാതാവിനെ ബന്ധപ്പെട്ട് നിങ്ങളുടെ സിം കാർഡ് ബ്ലോക്ക് ചെയ്യുക. ഡുപ്ലിക്കേറ്റ് സിമ്മിനായി അപേക്ഷിക്കുക.