തിരുവനന്തപുരം; ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിൽ നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ്. ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞു. പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ് എന്ന് എം.സ്വരാജ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. മനുഷ്യർ തമ്മിൽ ആയുധമെടുത്തും ചോരവീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യവിരുദ്ധതയെ എന്നും എതിർക്കുകയും ചെയ്യും.
എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്. മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ. സഹോദരങ്ങളായ പതിനായിരങ്ങൾ കണ്മുന്നിൽ കൊല്ലപ്പെടുന്നത് ശ്വാസമടക്കി കണ്ടു നിൽക്കേണ്ടി വന്നവർ. ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു ഇനിയങ്ങോട്ടും പലസ്തീനികൾ എന്തു തന്നെ ചെയ്താലും അവർ നിരപരാധികളാണ് എന്ന് എം.സ്വരാജ് പറഞ്ഞു.