ബിസിനസ് ചാറ്റുകൾക്ക് പണം വാങ്ങാനായി പുതിയ പദ്ധതി തയ്യാറാക്കി ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പ്. ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മെറ്റ പുതിയ ബിസിനസ് പ്ലാൻ തയ്യാറാക്കുന്നത് എന്നാണ് റിപ്പോർട്ട്. വാട്സ്ആപ്പിൽ നിന്ന് വരുമാനം വർധിപ്പിക്കാൻ മെറ്റയുടെ പുതിയ തീരുമാനം സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്ന് വൻ പരസ്യ വരുമാനം മെറ്റയ്ക്ക് ലഭിക്കുന്നുണ്ട്. ഇതേ രീതിയിൽ തന്നെ വാട്സ്ആപ്പിനേയും മാറ്റാൻ ആണ് മെറ്റയുടെ ശ്രമം. ഉപഭോക്താക്കളുമായുള്ള ബിസിനസ് സംഭാഷണങ്ങൾ വഴി പണം സമ്പാദനം നടത്താനാണ് വാട്സ്ആപ്പിന്റെ ശ്രമം. ഓരോ സംഭാഷണത്തിനും വിവിധ കമ്പനികളിൽ നിന്ന് 15 സെന്റ് അല്ലെങ്കിൽ ഏകദേശം 40 പൈസ വരെ വാട്സ്ആപ്പിന് നൽകും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
നിലവിൽ നിരവധി വ്യവസാങ്ങൾ വാട്സ്ആപ്പിനെ ആശ്രയിച്ച് നടക്കുന്നുണ്ട്. പുതിയ നയം നടപ്പിലായാൽ ഇത്തരത്തിൽ വ്യവസായം നടത്തുന്നവർക്ക് ഇത് തിരിച്ചടിയായിരിക്കും. ഇന്ത്യ, ബ്രസീൽ പോലെ ജനസംഖ്യ കൂടുതൽ ഉള്ള രാജ്യങ്ങളിൽ നിരവധി ആളുകളാണ് ഇത്തരത്തിൽ വാട്സ്ആപ്പ് വഴി വ്യാപാരം നടത്തുന്നത്. ആയതിനാൽ തന്നെ ഈ പദ്ധതി ആദ്യം എത്തുന്നത് ഇന്ത്യ ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ ആയിരിക്കും. നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകളിൽ സിനിമ ശുപാർശകൾ നേടുന്നതിനും ഉപഭോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം പ്രവർത്തികൾക്കും ഇനി പണം ഈടാക്കുന്നതാണ്. ഇതുമൂലം വലിയ രീതിയിലുള്ള വരുമാനം വാട്സ്ആപ്പിന് ലഭിക്കും എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ പ്രതിദിനം 500 ദശലക്ഷം സജീവ ഉപയോക്തൃ അടിത്തറ വാട്സ്ആപ്പിന് ഉണ്ട്. പുതിയ നയം പഠിക്കാനും നടപ്പിലാക്കാനും 90 അംഗ ഉൽപ്പന്ന ടീമിനെ വാട്സ്ആപ്പ് നിയമിച്ചിട്ടുണ്ട്. ഇവർ കമ്പനിയ്ക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുന്ന നയങ്ങൾ രൂപികരിക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട് മെറ്റ സിഇഒ മാർക്ക് സക്കർബർഗും നിലവിലെ തലവൻ വിൽ കാത്ത്കാർട്ടും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോർട്ട് . വരുമാനം ഏകദേശം 500 മില്യൺ ഡോളറിനും 1 ബില്യൺ ഡോളറിനും ഇടയിലാനാണ് ഇവർ ശ്രമിക്കുന്നത്.