അടുത്തിടെ നിരവധി പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ ഇതാ മറ്റൊരു പുതിയ ഫീച്ചർ കൂടി വാട്സ്ആപ്പ് ചേർത്തിരിക്കുകയാണ്. ഉയർന്ന നിലവാരമുള്ള (എച്ച്‍ഡി) വീഡിയോകളുടെ സന്ദേശം അയക്കൽ. നേരത്തെ എച്ച്ഡി ചിത്രങ്ങൾ അയക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ വീഡിയോയിലും ഈ മാറ്റം കൊണ്ടുവരുന്നത്. വാട്സ്ആപ്പിന്‍റെ ഐഒഎസ്, ആൻഡ്രോയിഡ്, വെബ് എന്നീ വേർഷനുകളിൽ പുതിയ ഫീച്ചർ ചേർത്തിട്ടുണ്ട്. എല്ലാ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ എത്താനായി അൽപം സമയം എടുക്കുമെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. നേരത്തെ ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ്പ് വഴി അയക്കുമ്പോൾ കംപ്രഷൻ മൂലം ക്ലാരിറ്റി നഷ്ടപ്പെട്ടിരുന്നു. ഡോക്യുമെന്റ് രീതി നേരത്തെ നിലവിൽ ഉണ്ടായിരുന്നുവെങ്കിലും ഇത് ഒട്ടും യൂസർ ഫ്രണ്ട്ലി ആയിരുന്നില്ല. ഇതിനെ തുടർന്നാണ് പുതിയ മാറ്റം കൊണ്ടുവരാൻ വാട്സ്ആപ്പ് തയ്യാറായത്.
വാട്സ്ആപ്പിലൂടെ എങ്ങനെ എച്ച്ഡി വീഡിയോകൾ അയക്കാമെന്നും ഈ ഫീച്ചറിന്‍റെ മറ്റ് പ്രത്യേകതകൾ എന്തെല്ലാമാണെന്നും വിശദമായി പരിജയപ്പെടാം. ഈ ഫീച്ചർ ലഭ്യമായിക്കഴിഞ്ഞാൽ നിങ്ങളുടെ ചാറ്റ്ബോക്സ് തുറക്കുമ്പോൾ വീഡിയോകൾ പങ്കിടുന്ന ഓപ്ഷനിൽ ഒരു എച്ച്ഡി ഐക്കൺ കാണാൻ സാധിക്കുന്നതാണ്. 720p റെസല്യൂഷനിലായിരിക്കും ഈ ഓപ്ഷന് കീഴിൽ വീഡിയോകൾ പങ്കുവെക്കാൻ സാധിക്കുന്നത്. അതായത് ഈ ഓപ്ഷന് കീഴിൽ വീഡിയോ അയക്കുമ്പോൾ അവയുടെ നേറ്റീവ് റെസല്യൂഷൻ പരിഗണിക്കാതെ 1280×720 പിക്സൽ റെസല്യൂഷനിലേക്ക് കംപ്രസ് ചെയ്യപ്പെടും.
നിലവിൽ വാട്സ്ആപ്പിൽ ലഭിക്കുന്ന വീഡിയോകളുടെ പരമാവധി റെസല്യൂഷൻ 480p ആണ്. അതായത് ക്ലാരിറ്റിയിൽ ഏകദേശം ഇരട്ടിയോളം വർധനവ് വരുത്തിയെന്നാണ് വാട്സ്ആപ്പ് അവകാശപ്പെടുന്നത്. ഒരേ സമയം പരമാവധി 100 പേർക്കോളം ഇത്തരത്തിൽ സന്ദേശം അയക്കാൻ സാധിക്കും എന്നാണ് ഇതിന്‍റെ മറ്റൊരു ഫീച്ചർ. സാധാരണ മെസേജുകളും ഇത്തരത്തിൽ അയക്കാവുന്നതാണ്. വാട്ട്‌സ്ആപ്പിന്‍റെ നേറ്റീവ് ക്യാമറ ഉപയോഗിച്ച് റെക്കോർഡുചെയ്‌ത വീഡിയോകൾക്കും എച്ച്ഡി മികവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒന്നിലധികം എച്ച്ഡി വീഡിയോകൾ ഒരേ സമയം അയക്കണമെങ്കിൽ ഇതിനായി എച്ച്ഡി ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയതിന് ശേഷം വീഡിയോകൾ തിരഞ്ഞെടുക്കേണ്ടതുണ്ട് എന്നിട്ട് വേണം അയക്കാൻ. എന്നാൽ എല്ലാ വീഡിയോകളും ഈ ഓപ്ഷനിലൂടെ എച്ച്ഡി ആക്കാൻ സാധിക്കുന്നതല്ല എന്നും വാട്സ്ആപ്പ് ഓർമ്മപ്പെടുത്തുന്നു. 720p-ൽ കൂടുതൽ നേറ്റീവ് റെസല്യൂഷനുള്ള വീഡിയോകൾക്ക് മാത്രമെ ഈ ഫീച്ചർ പ്രാവർത്തികമാകൂ. ഇതിന് താഴെയുള്ള വീഡിയോ ഈ ഓപ്ഷനിൽ എത്തിച്ചാൽ HD ടോഗിൾ ഗ്രേ ഔട്ട് ആകും.