പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എപ്പോഴും മികവ് പുലർത്താറുള്ള വാട്‌സ്ആപ്പ് ഇപ്പോൾ ഒരു പുതിയ ഫീച്ചറിന്റെ ബീറ്റ വേർഷനുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. സുരക്ഷയ്ക്ക് എപ്പോഴും പ്രഥമ പരിഗണന നൽകാറുള്ള വാട്‌സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതും ഉപയോക്താക്കളുടെ സുരക്ഷിതമായ ലോഗിൻ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. മുൻപ് വാട്‌സ്ആപ്പ് ഉപയോക്താക്കൾ പുതിയ ഫോണും മറ്റും വാങ്ങുമ്പോൾ എസ്എംഎസ് വഴി ഒടിപി വെരിഫിക്കേഷനിലൂടെയാണ് വാട്‌സ് ആപ്പിൽ വീണ്ടും ലോഗിൻ ചെയ്തിരുന്നത്. ഒടിപി ലോഗിൻ ഏറെ സുരക്ഷിതമായ മാർഗമാണ്. എന്നാൽ ഫോൺ കാണാതാകുകയോ മറ്റോ ചെയ്താൽ ഒടിപി ഉപയോഗിച്ചുള്ള വാട്‌സ് ആപ്പ് ലോഗിൻ അപ്രായോഗികമാകും. കാരണം ലോഗിൻ ചെയ്യാൻ ഒടിപി എത്തുക കാണാതായ ഫോണിലാകും.
ഫോൺ കൈയിൽ ഇല്ലാത്തതിനാൽ തന്നെ ഈ ഘട്ടത്തിൽ ഒടിപി ലോഗിൻ സാധ്യമാകില്ല. എന്നാൽ ഫോൺ കൈയിൽ കിട്ടിയ ആൾക്ക് വേണമെങ്കിൽ ഉപയോക്താക്കളുടെ വാട്‌സ്ആപ്പിലേക്ക് അടക്കം കടന്നുകയറാനും സാധിക്കും. ഈ ഒരു സാഹചര്യം കണക്കിലെടുത്ത് ഇ-മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാനുള്ള പുതിയ ഓപ്ഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ ലോഗിൻ രീതിയിലേക്കുള്ള ഒരു കൂട്ടിച്ചേർക്കലായാണ് വാട്‌സ്ആപ്പ് ഇമെയിൽ ഐഡി ഉപയോഗിച്ചുള്ള ലോഗിൻ സൗകര്യം. അതായത് എസ്എംഎസ് വഴിയുള്ള ലോഗിൻ ഓപ്ഷന് പകരമായല്ല മറിച്ച് മറ്റൊരു ബദൽ മാർഗം എന്ന നിലയിലാണ് ഈ ഫീച്ചർ എത്തുക. എസ്എംഎസ് വഴി 6 അക്ക ഒടിപി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഇ-മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
വാട്‌സ്ആപ്പിലെ ഇമെയിൽ കൺഫർമേഷൻ ഫീച്ചർ വളരെ എളുപ്പത്തിൽ സജ്ജീകരിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ ഇമെയിൽ വിലാസം നൽകാൻ കഴിയുന്ന ഒരു ഫീൽഡ് ഇതിലുണ്ട്. ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങൾ മറ്റുള്ളവർക്ക് ദൃശ്യമാകില്ലെന്നും ഇതിൽ ഉണ്ട്. വാട്‌സ്ആപ്പിന്റെ ‘ഇമെയിൽ വെരിഫിക്കേഷൻ’ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ പതിപ്പുകളിൽ ആണ് ലഭ്യമാക്കിയിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ആപ്പിന്റെ സെറ്റിങ്‌സ് > അക്കൗണ്ട് > ഇമെയിൽ വിലാസം എന്നതിലേക്ക് പോയി പുതിയ ഫീച്ചർ പരിശോധിക്കാം. എല്ലാ ഉപയോക്താക്കൾക്കുമായി അധികം വൈകാതെ തന്നെ ഈ ഫീച്ചർ ലഭ്യമാകും.