ഒരേ ഒഎസിൽ പ്രവർത്തിക്കുന്ന രണ്ട് ഫോണുകൾക്കിടയിൽ വാട്സ്ആപ്പ് ചാറ്റുകൾ കൈമാറാൻ പുത്തൻ ഫീച്ചർ പുറത്തിറക്കി വാട്സ്ആപ്പ്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ആണ് പുതിയ ഫീച്ചർ പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്. ചാറ്റുകൾ വളരെ സുരക്ഷിതമായും എളുപ്പത്തിലും കൈമാറാം എന്നതാണ് പുതിയ ചാറ്റ് ട്രാൻസ്ഫർ രീതിയുടെ പ്രത്യേകത. മുൻപ് ചാറ്റുകൾ പഴയ ഫോണിൽനിന്ന് പുതിയ ഫോണിലേക്ക് മാറ്റണമെങ്കിൽ ഏതാനും ഘട്ടങ്ങൾ പിന്നിടണമായിരുന്നു. ചാറ്റുകൾ ഗൂഗിൾ ഡ്രൈവ് പോലുള്ള ക്ലൗഡ് സ്റ്റോറേജുകളിലേക്ക് അപ്ലോഡ് ചെയ്ത ശേഷം, പഴയ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡ്രൈവിൽ സൂക്ഷിച്ചിരിക്കുന്ന ചാറ്റ് ബാക്കപ് റീസ്റ്റോർ ചെയ്യുകയായിരുന്നു ചെയ്തിരുന്നത്.
വാട്സ്ആപ്പ് കൊണ്ടുവന്ന പുതിയ ചാറ്റ് ട്രാൻസ്ഫർ രീതിയിൽ ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ വളരെ എളുപ്പത്തിൽ പഴയ ഫോണിൽനിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകൾ മാറ്റാൻ സാധിക്കും. ചാറ്റുകൾ ഫോണിൽനിന്ന് നേരേ നമ്മുടെ രണ്ടാമത്തെ ഫോണിലേക്കാണ് പോകുന്നത് എന്നതാണ് ഇവിടെയുള്ള മെച്ചം. അയയ്ക്കുന്ന ഫോണിലും സ്വീകരിക്കുന്ന ഫോണിലും അല്ലാതെ മറ്റെവിടെയും ചാറ്റ് ഡാറ്റ സംഭരിക്കേണ്ടിവരുന്നില്ല. ഈ രീതി ക്ലൗഡ് സേവനങ്ങളേക്കാൾ കൂടുതൽ സ്വകാര്യമാണെന്ന് മാത്രമല്ല, വേഗമേറിയതാണെന്നും മെറ്റാ വാദിക്കുന്നു. പുതിയ ഫീച്ചർ ലഭ്യമാകാനായി ഉപയോക്താക്കൾ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഘട്ടം ഘട്ടമായാണ് വാട്സ്ആപ്പ് ഈ പുതിയ ഫീച്ചർ പുറത്തിറക്കുന്നത്. നേരത്തെ ഈ പുതിയ ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ ബീറ്റ ടെസ്റ്റർമാർക്ക് വാട്സ്ആപ്പ് ലഭ്യമാക്കിയതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു. അധികം വൈകാതെ പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എത്തും. പക്ഷേ കൃത്യമായ തീയതി വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല.