ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ പുതിയ ഫീച്ചറായ സ്ക്രീൻ ഷെയറിങ് അടുത്തിടെയാണ് അവതരിപ്പിച്ചത്. പഠന ആവശ്യങ്ങൾ ഓഫീസ് മീറ്റുകൾ എന്നിവക്കായി ഉപകരിക്കാവുന്ന ഒരു ഫീച്ചറാണ് ഇത്. കോവിഡ് ലോക്ഡൗൺ സമയങ്ങളിലാണ് ഓൺലൈൻ മീറ്റിങ്ങുകൾക്കും ക്ലാസുകൾക്കുമായി ഇത്തരം ഫീച്ചറുകളുള്ള ഗൂഗിൾ മീറ്റ്, സൂം എന്നീ ആപ്പുകൾ കൂടുതൽ ജനപ്രിയമായത്. ഇതേ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഒരുപാട് ഗുണങ്ങളാണ് ഉണ്ടാകുന്നത്. സ്ക്രീൻ ഷെയറിങ് ഫീച്ചറിന് വേണ്ടി മാത്രം ഗൂഗിൾ മീറ്റ്, സൂം പോലുള്ള ആപ്പുകളെ ആശ്രയിക്കേണ്ട, ഓഫീസ് മീറ്റുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയിൽ സുഖമായി പങ്കെടുക്കാം, ഫോണുകളുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് വലിയ അറിവില്ലാത്തവർക്ക് ഇവരുടെ സ്ക്രീനുകൾ ഷെയർ ചെയ്ത് മാറിപ്പോയ സെറ്റിംഗ്സ്, മറ്റ് കേടുപാടുകൾ മറ്റുള്ളവരുമായി പങ്കിടാം എന്നിങ്ങനെ നിരവധി ഗുണങ്ങൾ ഇതിനുണ്ട്.
മീറ്റിങ്ങുകളിൽ പ്രദർശിപ്പിക്കുന്ന ഡോക്യുമെന്ററികൾ, വീഡിയോകൾ എല്ലാം മീറ്റിങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും കാണാൻ സാധിക്കും വിധം സ്ക്രീൻ വഴി ഷെയർ ചെയ്യാൻ സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യകത. നിരവധി ഗുണങ്ങൾക്കൊപ്പം ചില ദോഷങ്ങളും ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് മുന്നിലേക്ക് എത്തിക്കുന്നതാണ്. ഈ ഫീച്ചർ ഉപയോഗിക്കുന്നവർ ഇതിന്റെ ദോഷവശങ്ങൾ കൂടി മനസിലാക്കേണ്ടതാണ്. ആയതിനാൽ തന്നെ ജാഗ്രതയോടെ ഈ ഫീച്ചർ ഉപയോഗിക്കേണ്ടതാണ്. നിരവധി സെൻസറ്റീവ് വിഷയങ്ങളും രസഹ്യങ്ങളും ഉൾപ്പെടുന്നതായിരിക്കും ഓരോരുത്തരുടേയും സ്മാർട്ട് ഫോണുകൾ. ആയതിനാൽ തന്നെ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടതാണ്. ഇല്ലെങ്കിൽ സെൻസിറ്റീവ് ആയ വിഷയങ്ങളോ നിങ്ങൾ ഫോണിൽ രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങളോ ഈ സ്ക്രീൻ വഴി മറ്റുള്ളവർ അറിയാൻ സാധ്യത ഉണ്ട്. ഇത് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ കാരണമായേക്കാം.
മീറ്റിങ്ങുകളിൽ നിങ്ങൾ നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ ഷെയർ ചെയ്യുന്ന സമയങ്ങളിൽ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കും നിങ്ങളുടെ അനുവാദം ഇല്ലാതെ തന്നെ നിങ്ങളുടെ സ്ക്രീനിന്റെ വീഡിയോ എടുക്കുകയോ ചിത്രങ്ങളായി സ്ക്രീൻ ഷോർട്ട് എടുക്കുകയോ ചെയ്യാവുന്നതാണ്. ഇത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഒരു പക്ഷെ നിങ്ങളുടെ സ്വാകാര്യതയെ ബാധിക്കാൻ തന്നെ കാരണമായേക്കാം. ചിലപ്പോൾ നിങ്ങളുടെ പാസ്വേർഡുകളോ മറ്റ് സ്വകാര്യ വിവരങ്ങളോ ഇത്തരത്തിൽ ചോർത്തപ്പെട്ടേക്കാം. മറ്റുള്ളവർ കാണരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന നിങ്ങളുടെ ഫോണിലെ ഫയലുകളും രേഖകളും എല്ലാം മറച്ചു വെച്ചു എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ ഈ ഫീച്ചർ ഉപയോഗിക്കാവു. നിങ്ങൾക്ക് പൂർണ്ണ വിശ്വാസം ഉള്ളവർ മാത്രമായിട്ട് നിങ്ങൾ നിങ്ങളുടെ സ്ക്രീൻ പങ്കുവെക്കുക. നിങ്ങൾ മീറ്റിങ്ങുകളിലും മറ്റും ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ പശ്ചാത്തലത്തിൽ മറ്റ് ആപ്പുകളോ ഫയലുകളോ ഓപ്പൺ ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം.