ന്യൂഡൽഹി: സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ് നിരോധിക്കണമന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. പുതിയ ഐ.ടി നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിന് വാട്‌സ്ആപ്പിന്‍റെ പ്രവർത്തനങ്ങൾ നിരോധിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതിക്കാരന്റെ ഹർജി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഈ ഉത്തരവ്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കുന്നില്ലെങ്കിൽ വാട്ട്‌സ്ആപ്പ് നിരോധിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ കെ.ജി. ഓമനക്കുട്ടൻ നേരത്തെ തന്നെ കേരള ഹൈകോടതിയെ സമീപിച്ചിരുന്നു. അതേസമയം ഐ.ടി നിയമങ്ങളെ ചോദ്യം ചെയ്ത് വാട്‌സ്ആപ്പ് ഡൽഹി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഓമനക്കുട്ടൻ ഹർജി സമർപ്പിച്ചത്. 2021 ജൂണിൽ കേരള ഹൈകോടതി ഹർജി തള്ളിയതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹർജിയിൽ ആപ്പിന്‍റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സന്ദേശങ്ങളുടെ ഉത്ഭവം കണ്ടെത്തുന്നതിൽ നിന്ന് തടയുന്നതിനാൽ 2021ലെ ഐ.ടി നിയമങ്ങൾക്ക് യോജിച്ചതല്ലെന്ന് ഡൽഹി ഹൈകോടതിയിൽ വാട്‌സ്ആപ്പ് അവകാശപ്പെട്ടതായി ഹൈകോടതിക്ക് മുമ്പാകെ ഹർജിക്കാരൻ സമർപ്പിച്ചിരുന്നു. എന്നിരുന്നാലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപയോക്താക്കൾ അയക്കുന്ന സന്ദേശങ്ങൾ സംഭരിക്കുന്നതായും അവരുടെ കോൺടാക്‌റ്റുകളിലേക്കും മറ്റ് വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടെന്നും വാട്ട്‌സ്ആപ്പിന്‍റെ സ്വകാര്യതാ നയം തന്നെ വ്യക്തമാക്കുകായും ചെയ്യുന്നുണ്ട്. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ കോടതി സമൻസുകളും നിയമ അറിയിപ്പുകളും നൽകുന്നതിന് വാട്ട്‌സ്ആപ്പ് പോലുള്ള സേവനങ്ങളെ ആശ്രയിക്കുന്നത് ഏറെ അപകടമാണെന്നും ഹർജിക്കാരൻ പറഞ്ഞു.