എഐ ജനറേറ്റഡ് സ്റ്റിക്കറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്. നിലവിൽ ബീറ്റാ വേർഷനിൽ ഇതിനായുള്ള അപ്ഡേറ്റുകൾ വാട്സ്ആപ്പ് നൽകുന്നുണ്ട്. ബീറ്റ വേർഷന്റെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ഈ സൗകര്യം ലഭിക്കുന്നുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും. ഉപഭോക്താക്കൾ ടൈപ്പ് ചെയ്യുന്ന മെസേജുകൾക്ക് അനുസരിച്ചുള്ള സ്റ്റിക്കറുകളാണ് പുതിയ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് അനുഭവം മികച്ചതാക്കാൻ പുതിയ ഫീച്ചർ ഏറെ സഹായകമാകും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ എക്സ്ക്യൂസിവും വ്യക്തിഗതവുമായി സ്റ്റിക്കറുകൾ നിർമ്മിക്കാൻ പുതിയ എഐ സാങ്കേതിക വിദ്യ സഹായിക്കുന്നതാണ്. ഇവയുടെ സാധ്യത വളരെ വലുതാണെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. വാബീറ്റഇൻഫോ എന്ന മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്.
വാട്സ്ആപ്പിലെ എഐ സ്റ്റിക്കർ സൃഷ്ടിക്കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുന്ന ഒരു സ്ക്രീൻഷോട്ട് പുറത്തു വന്നതായും വാബീറ്റഇൻഫയുടെ റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. ഇവിടെ സ്റ്റിക്കർ ടാബിന് അടുത്തായി ക്രിയേറ്റ് എന്ന പുതിയ ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് എന്ത് തരത്തിലുള്ള സ്റ്റിക്കറാണ് ആവിശ്യം എന്നതിനെക്കുറിച്ച് ഇവിടെ ടൈപ്പ് ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾ ടൈപ് ചെയ്ത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എഐ നിരവധി സ്റ്റിക്കറുകൾ നിർമ്മിക്കും. ഇതിൽ ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യം എന്ന് തോന്നുന്ന സ്റ്റിക്കർ തിരഞ്ഞെടുത്ത് വാട്സ്ആപ്പ് കോൺടാക്ടുകളിലേക്ക് ആയക്കാവുന്നതാണ്. ആവിശ്യമെങ്കിൽ ഈ സ്റ്റിക്കറുകൾ സേവ് ചെയ്ത് വെക്കാനും സാധിക്കാവുന്നതാണ്.
ദോഷകരമാകാൻ സാധ്യതയുള്ളതോ അല്ലെങ്കിൽ അസ്ലീല പരമായ സ്റ്റിക്കറുകളോ നിർമ്മിക്കാൻ ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ ആപ്ലിക്കേഷൻ ഇതിനുള്ള അറിയിപ്പുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. എന്നാൽ പ്രതികരണമായി സ്വീകരിക്കേണ്ട നിർദ്ദിഷ്ട നടപടികൾ വിശദമാക്കിയിട്ടില്ല. ഇത്തരത്തിൽ എഐ വഴി വാട്സ്ആപ്പിൽ നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് പ്രത്യേകം വാട്ടർമാർക്ക് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പുതിയ ഫീച്ചറിന്റെ പ്രവർത്തനം ഓപ്പൺ എഐയുടെ DALL-E പോലെയുള്ള മോഡലുകളോട് സാമ്യമുള്ളതാണെന്നാണ് ദി വേർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേ സമയം എടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം മാത്രം ഏഴിൽ അധികം ഫീച്ചറുകൾ പുതിയതായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.