തങ്ങളുടെ നവീകരിച്ച മോഡൽ ലൈനപ്പിലൂടെ എസ്‌യുവി സെഗ്‌മെന്റിൽ മാരുതി സുസുക്കി ശക്തമായ ഒരു തിരിച്ചുവരവ് നടത്തുകയാണ് എന്ന് പറയാം. 2023 ജൂലൈ മാസത്തിൽ, നിലവിലെ സെഗ്മെന്റ് ലീഡറായ ടാറ്റ നെക്‌സോൺ ഉൾപ്പെടെ നിരവധി ജനപ്രിയ എസ്‌യുവികളേയും മറികടന്ന്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ 2023 ജൂലൈ മാസത്തിൽ, ഫ്രോങ്ക്സ് കൂപ്പെ ടൈപ്പ് കോംപാക്ട് എസ്‌യുവിയുടെ 13,220 യൂണിറ്റുകൾ വിറ്റഴിക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു. 2023 ജനുവരി ഓട്ടോ എക്‌സ്‌പോയിലാണ് ഈ എസ്‌യുവി അരങ്ങേറ്റം കുറിച്ചത്. അതിനും ശേഷം 2023 മെയ് മാസത്തിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി.
വിപണിയിൽ എത്തി മൂന്നാം മാസം തന്നെ, മാരുതി സുസുക്കി ബ്രെസയ്ക്കും ഹ്യുണ്ടായി ക്രെറ്റയ്ക്കും പിന്നിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എസ്‌യുവിയായി ഫ്രോങ്ക്സ് മാറി. ഇപ്പോൾ, വിൽപ്പനയുടെ കാര്യത്തിൽ കൂപ്പെ ശൈലിയിലുള്ള എസ്‌യുവി, ടാറ്റ നെക്‌സോണിനെ പോലും മറികടന്നിരിക്കുകയാണ്. ടാറ്റയുടെ ജനപ്രിയ എസ്‌യുവി ഇതേ കാലയളവിൽ 12,349 യൂണിറ്റ് വിൽപ്പന കൈവരിച്ചു, ഫ്രോങ്ക്‌സിനെ അപേക്ഷിച്ച് 871 യൂണിറ്റുകൾ കുറവാണിത് എന്നത് ശ്രദ്ധിക്കണം. 2023 ജൂലൈയിലെ കണക്കനുസരിച്ച്, 16,543 യൂണിറ്റുകളുടെ വിൽപ്പന നേടിയ മാരുതി സുസുക്കി ബ്രെസ, 14,062 യൂണിറ്റുകൾ കൈവരിച്ച ഹ്യുണ്ടായി ക്രെറ്റ എന്നിവയ്‌ക്ക് താഴെയായി റാങ്കിംഗിന്റെ കാര്യത്തിൽ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവികളിൽ ഫ്രോങ്ക്‌സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടോപ്പ് 10 കാറുകളിൽ ഏഴാം സ്ഥാനവും നേടി.
ടോപ്പ് 10 ലിസ്റ്റിൽ 17,896 യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി സ്വിഫ്റ്റാണ് മുൻപന്തിയിൽ, രണ്ടാം സ്ഥാനത്ത് 16,725 യൂണിറ്റുകളുടെ സെയിലുമായി ബലേനോ രണ്ടാം സ്ഥാനത്തും ബ്രെസ മൂന്നാം സ്ഥാനത്തുമാണ്. 2023 മെയ് മാസത്തിൽ വിപണിയിൽ എത്തിയ മാരുതി സുസുക്കി ഫ്രോങ്ക്സ്, ബലേനോ ഹാച്ചിന്റെ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച അഞ്ച് ഡോറുകളുള്ള ഫൈവ് സീറ്റർ ക്രോസ്ഓവറാണ്. വളരെ യുണീക്കായ ഒരു എക്സ്റ്റീരിയർ രൂപകൽപ്പനയാണ് വാഹനത്തിന്റെ പ്രധാന ആകർഷണം എന്ന് പറയാം. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്ന സിഗ്മ, ഡെൽറ്റ, ഡെൽറ്റ+ മോഡലുകൾ ഉൾപ്പെടെയുള്ള ഫ്രോങ്ക്‌സിന്റെ ലോവർ സ്പെക്ക് വേരിയന്റുകൾക്കാണ് ആവശ്യക്കാർ അധികവും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബലേനോ പ്രീമിയം ഹാച്ച്ബാക്കുമായി പങ്കിടുന്ന ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്, ഈ യൂണിറ്റ് 90 PS മാക്സ് പവറും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഇത് കൂടാതെ, ഫ്രോങ്ക്സിൽ കൂടുതൽ ശക്തമായ 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ എഞ്ചിൻ 100 PS മാക്സ് പവറും 147 Nm torque ഉം സൃഷ്ടിക്കുന്നു. മറുവശത്ത് നോക്സോണിൽ 120 PS പവറും 170 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.
നെക്സോണിന്റെ വിപണി വിഹിതം മെച്ചപ്പെടുത്താനായി ടാറ്റ മോട്ടോർസ് വാഹനത്തിന്റെ വൻതോതിൽ അപ്‌ഡേറ്റ് ചെയ്‌തതും പരിഷ്കരിച്ചതുമായ പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പഴയ മോഡലിലും കൂടുതൽ ഫീച്ചറുകളോടൊപ്പം പുനർനിർമ്മിച്ച എക്സ്റ്റീരിയർ സ്റ്റൈലിംഗും സമഗ്രമായി അപ്പ്ഡേറ്റ് ചെയ്ത ഇന്റീരിയറും ഇത് അവതരിപ്പിക്കും. ഈ പുതുക്കിയ ടാറ്റ നെക്‌സോൺ ഉത്സവ സീസണിന് മുന്നോടിയായി വിൽപ്പനയ്ക്ക് എത്തും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വിൽപ്പനയിൽ ഫ്രോങ്ക് ഓവർടേക്ക് ചെയ്തത് ടാറ്റയ്ക്ക് ഒരു വേക്കപ്പ് കോൾ നൽകും എന്ന് കരുതാം.