കൊച്ചി : ഓടുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് അടുത്തകാലത്ത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. അഗ്നിക്കിരയാകുന്ന വാഹനങ്ങളില്‍ ഏറ്റവുമധികം കാറുകളുമാണ്. സാങ്കേതികമായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷം വിപണിയിലിറക്കുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉടമകളെ ആശങ്കയിലാക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഉപഭോക്താവ് കമ്പനികളെ പഴിക്കാറാണ് പതിവ്. എന്നാല്‍ ഒരു കമ്പനിയും എളുപ്പത്തില്‍ തീ പിടിക്കുന്ന രീതിയിലല്ല തങ്ങളുടെ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. നിരുപദ്രവകാരികള്‍ അല്ലെന്ന് നാം കരുതുന്ന വണ്ടുകള്‍ പോലും വാഹനത്തിന് അഗ്നിബാധയുണ്ടാകുന്നതിന് കാരണമാകാറുണ്ട്. അങ്ങനെയെങ്കില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നതിന് പിന്നിലെ കാരണങ്ങളില്‍ ചിലത് പരിശോധിക്കാം.
പലപ്പോഴും വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നതിനുള്ള പ്രധാന കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. പല സന്ദര്‍ഭങ്ങളിലും ഫ്യൂസ് എരിഞ്ഞമരുന്നതാണ് അഗ്നിബാധക്ക് കാരണമാവുന്നത്. റോഡപകടങ്ങള്‍ നടന്ന ശേഷം കാറുകള്‍ക്ക് പൊടുന്നനെ തീപിടിക്കാറുള്ള കാഴ്‌ചയും നാം കാണാറുണ്ട്. അപകടമുണ്ടാകുമ്പോഴുള്ള ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ലീക്കായി തീപിടിക്കുവാനിടയാവുന്നു. എഞ്ചിനിലെ ഉയര്‍ന്ന താപമാണ് ഇന്ധനം ആളിപ്പടരുവാന്‍ കാരണമാവുന്നത്. സ്വന്തം വാഹനത്തിന് മോടിപിടിപ്പിക്കുവാന്‍ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളില്‍ ഏറെയും. ഇത്തരം മോഡിഫിക്കേഷനുവേണ്ടി ചെയ്യുന്ന വയറിങ് കൃത്യമല്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും. കൂടാതെ ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്‌റ്റാര്‍ട്ടര്‍ തുടങ്ങിയവ ചിലപ്പോള്‍ തീപിടിത്തത്തിന് കാരണമായേക്കാം.
ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റ് ക്ലീനറുകളും ബോണറ്റില്‍ വെച്ച് മറന്നുപോകുന്നവരുടെ എണ്ണത്തിലും കുറവില്ലാതായതോടെ അപകടങ്ങള്‍ വര്‍ധിച്ചു. അതായത് എഞ്ചിന്‍ ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ച് മറന്ന തുണിയില്‍ തീ കത്തിപ്പടര്‍ന്നാല്‍ വലിയ അപകടം ഉണ്ടാകും. എല്‍പിജി മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ലീക്കേജിനുള്ള സാധ്യതകള്‍ കൂടുതലാണ്. സമീപകാലത്ത് പെട്ടെന്ന് തീ ആളിപ്പടര്‍ന്നുള്ള അപകടങ്ങളില്‍ കൂടുതലും ഗ്യാസായി കണ്‍വെര്‍ട്ട് ചെയ്‌തിട്ടുള്ള പഴയ പെട്രോള്‍ വാഹനങ്ങളാണ്. ഗ്യാസ് ലീക്കാണ് ഇവിടെയുള്ള പ്രധാന വില്ലന്‍. ചില അവസരങ്ങളില്‍ കനത്ത വെയിലുള്ളപ്പോള്‍ കാറില്‍ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്‌റ്റിക് കുപ്പികള്‍ വരെ ചൂടേറ്റ് ഉരുകി തീപിടിക്കുവാനുള്ള സാധ്യതകളും ഏറെയാണ്. ഡിസൈനിലെ പാളിച്ചകള്‍, മോഡിഫിക്കേഷന്‍ തുടങ്ങി കാറിന് തീപിടിക്കുവാനുള്ള കാരണങ്ങള്‍ നിരവധിയുണ്ട്.
കൃത്യസമയത്ത് തന്നെ വാഹനത്തിന് മെയിന്‍റനന്‍സ് നല്‍കുക, എളുപ്പം തീപിടിക്കുന്ന വസ്‌തുക്കള്‍ വാഹനത്തില്‍ കൊണ്ടുപോകാതിരിക്കുക തുടങ്ങിയവയ്‌ക്ക് പുറമെ കാറിലിരുന്നുള്ള പുകവലിയും ഒഴിവാക്കേണ്ടതുണ്ട്. യാത്രാവേളകളില്‍ കാറില്‍ നിന്നും പ്ലാസ്‌റ്റിക് കത്തിയ പോലുള്ള മണം വന്നാല്‍ വാഹനം ഓഫാക്കി പുറത്തിറങ്ങിയ ശേഷം സര്‍വീസ് സെന്‍ററുമായി ബന്ധപ്പെടുന്നത് നന്നായിയിരിക്കും. മാത്രമല്ല വാഹനത്തില്‍ അനാവശ്യമായുള്ള മോഡിഫിക്കേഷന്‍ ഒഴിവാക്കുവാനും ശ്രമിക്കുക. വാഹനത്തില്‍ വേഗത്തില്‍ തീപടരുമ്പോള്‍ കുടുങ്ങിപോയാല്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപെടുന്നതിനായി ചുറ്റിക പോലുള്ള സാധനങ്ങള്‍ കൈയ്യെത്താവുന്ന ദൂരത്ത് വെയ്‌ക്കുന്നതും അപകടത്തിന്റെ വ്യാപ്തി കുറയ്‌ക്കും. ഒപ്പം ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും മറ്റ് വാഹനങ്ങള്‍ തീപടര്‍ന്ന വാഹനത്തിന് അരികിലേയ്‌ക്ക് പോകുന്നത് തടയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇന്ധന ടാങ്ക്, ടയര്‍ എന്നിവ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവ കൂടുതല്‍ അപകടത്തിന് ഇവ കാരണമാകും.