പന്തളം : ആറ്റിൽ ജലനിരപ്പുയർന്നാൽ കരിങ്ങാലിപ്പാടത്തേക്ക് വെള്ളം ഒഴുകുന്നത് നിയന്ത്രിക്കുവാനുള്ള വലിയതോട്ടിലെ ഷട്ടർ ഉപയോഗശൂന്യം. ഐരാണിക്കുടി പാലത്തിനോടുചേർന്നുള്ള നാല് ഷട്ടറുകളിൽ ഒരെണ്ണമാണ് ഉയർത്താനും താഴ്ത്താനുമാകാതെ കേടായിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ ആറ്റിൽ ജലനിരപ്പുയർന്നിട്ടും ഐരാണിക്കുടി ഷട്ടർ അടച്ച് വെള്ളം നിയന്ത്രിക്കാൻ കഴിയാത്തതിനാൽ മണിക്കൂറുകൾകൊണ്ട് പാടം നിറഞ്ഞു. അച്ചൻകോവിലാറ്റിൽനിന്നു കരിങ്ങാലിപ്പാടത്തേക്ക് വെള്ളം കയറ്റുന്നതിനും പാടത്ത് കെട്ടിനിൽക്കുന്ന അധികജലം ഒഴുക്കിക്കളയുന്നതിനുമുള്ള വലിയ തോട്ടിലെ ഷട്ടറാണ് ഐരാണിക്കുടി പാലത്തിലുള്ളത്. പലതവണ വെള്ളപ്പൊക്കമുണ്ടായപ്പോഴും ഷട്ടർ ഉപയോഗശൂന്യമായതിനാൽ പാടത്തേക്ക് വെള്ളം ഇരച്ചുകയറി കൃഷിനാശം ഉണ്ടായിട്ടുണ്ട്.
2018-ലും അതിനുശേഷവുമുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപകനാശനഷ്ടമുണ്ടായതോടെ ഷട്ടറുകൾ പുതുക്കിപ്പണിതിരുന്നു. എന്നാൽ കിഴക്കുഭാഗത്തുള്ള ഒരു ഷട്ടർ ഇപ്പോഴും ഉപയോഗശൂന്യമാണ്. വെള്ളപ്പൊക്കത്തിൽ കരിങ്ങാലിപ്പാടത്തിന്റെ തീരത്തുള്ള വീടുകളിൽ വെള്ളം കയറാൻ കാരണമായത് വലിയതോട്ടിൽനിന്നുള്ള വെള്ളത്തിന്റെ ഒഴുക്കായിരുന്നു. ആറ്റിൽ ജലനിരപ്പ് താഴുമ്പോൾ പാടത്തെ വെള്ളം ഒഴുക്കിക്കളഞ്ഞ് തീരത്തുള്ള വീടുകളെ രക്ഷിക്കാനാകും. 18 കൈവഴികളുള്ള വലിയതോടാണ് കരിങ്ങാലിപ്പാടശേഖരത്തിലെ പ്രധാന ജലവിതരണമാർഗം. കൃഷിയിറക്കുന്ന സമയം പാടത്ത് കെട്ടിനിൽക്കുന്ന അധികജലം വലിയതോടുവഴി ഒഴുക്കിക്കളഞ്ഞാണ് കൃഷിയിറക്കുന്നത്. വേനലിൽ ആറ്റിൽനിന്നു പമ്പുപയോഗിച്ച് വലിയതോടുവഴി വെള്ളം കൃഷിക്കായി എത്തിക്കുകയും ചെയ്യും. കഴിഞ്ഞ വെള്ളപ്പൊക്കസമയത്തെല്ലാം പാടത്തിന്റെ തീരത്തുള്ള വീടുകളിലേക്ക് വെള്ളംകയറിയത് ആറ്റിൽനിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കു കാരണമാണ്.