ജനീവ : ലോകത്തെ കൊവിഡ് പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്നതായി ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് നടപ്പാക്കിയ കൊവിഡ് നിയന്ത്രണ പദ്ധതികള്‍ പിന്‍വലിക്കുന്നതിന് തടസ്സമാവാനിടയുള്ള കണ്ടെത്തലാണ് ഇത്.
കഴിഞ്ഞ 9 ആഴ്ചയായി കൊവിഡ് മരണം ആഗോളതലത്തില്‍ കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ ആഴ്ച അതില്‍ മാറ്റമുണ്ടായി. കഴിഞ്ഞ ആഴ്ചകളേക്കാള്‍ 3 ശതമാനം കൂടുതല്‍ അതായത് 55,000 കൂടുതല്‍ മരണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചകളേക്കാള്‍ 10 ശതമാനം കൂടുതല്‍ കേസുകള്‍ അതായത്, 3 ദശലക്ഷം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു. ബ്രസീല്‍, ഇന്ത്യ, ഇന്തോനേഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം വര്‍ധിച്ചത്.
വാക്‌സിന്‍ നല്‍കുന്നതില്‍ കുറവുണ്ടായതാണ് മരണവും പ്രതിദിന രോഗബാധയും വര്‍ധിച്ചതിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കൂടാതെ ഡെല്‍റ്റ വകഭേദം വ്യാപന നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവും കാരണമായി. 111 രാജ്യങ്ങളിലാണ് രോഗവ്യാപം വര്‍ധിച്ചിട്ടുള്ളത്. അടുത്ത മാസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചേക്കും.
രോഗവ്യാപനത്തോടൊപ്പം അര്‍ജന്റീനയില്‍ മരണം ഒരു ലക്ഷം കടന്നു. പ്രതിദിന മരണനിരക്കില്‍ റഷ്യയുടെ സ്ഥിതി ആശങ്കാജനകമാണ്. ബെല്‍ജിയത്തില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ കൊവിഡ് വ്യാപനം ഇരട്ടിയിലധികമായിട്ടുണ്ട്. ബ്രിട്ടനില്‍ പ്രതിദിന രോഗബാധ ആറ് മാസത്തിനുശേഷം 40,000 കടക്കുന്നു. മ്യാന്‍മാറില്‍ ശ്മശാനങ്ങള്‍ രാപകല്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്തോനേഷ്യയില്‍ 54000 കേസുകളും 1000 മരണങ്ങളുമാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്സിലും സ്ഥിതി സമാനം.