ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് പേരയ്ക്ക. വലിയ വില നല്‍കി വാങ്ങേണ്ടതില്ല. എന്നാല്‍ പലരും ഇതിന്റെ ഗുണം നല്ലതുപോലെ തിരിച്ചറിയാതെ അവഗണിയ്ക്കുന്നുവെന്നതാണ് വാസ്തവം. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് പേരയ്ക്ക. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണ് ഇത്. ഇതിനാല്‍ തന്നെ നല്ല ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇതിലുണ്ട്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഒരുപോലെ ഗുണകരമാണ്. നല്ലതുപോലെ പഴുത്ത പേരയ്ക്കയില്‍ വൈറ്റമിന്‍ സിയുടെ അളവ് കുറയും. മറിച്ച് ഇടത്തരം പഴുപ്പായ പേരയ്ക്കയിലാണ് വൈറ്റമിന്‍ സിയുടെ ലഭ്യത കൂടുതല്‍. അതായത് നല്ലതുപോലെ പഴുത്തതിനേക്കാള്‍ ഇടത്തരം പഴുപ്പുള്ള പേരയ്ക്ക കഴിയ്ക്കുന്നതാണ് ഗുണകരമെന്നര്‍ത്ഥം.
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മത്തിന് ചെറുപ്പം നല്‍കാനും വൈറ്റമിന്‍ സി സമ്പുഷ്ടമായ പേരയ്ക്ക ഏറെ നല്ലതാണ്. ചര്‍മത്തിന് തിളക്കവും ഇറുക്കവും നല്‍കാനും ചുളിവുകള്‍ അകറ്റാനുമെല്ലാം ഇതേറെ ഗുണകരമാണ്. ഇതിലെ വൈറ്റമിന്‍ എയും ചര്‍മത്തിന് ഗുണകരമാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും വൈറ്റമിന്‍ എ നല്ലതാണ്. ബിപി നിയന്ത്രണത്തിന് ഗുണകരമാണിത്. ഇതിലെ പൊട്ടാസ്യം വാഴപ്പഴത്തിനേക്കാള്‍ കൂടുതലാണ്. ഇതാണ് ഗുണകരമാകുന്നത്. ബിപി കുറയ്ക്കാന്‍ പൊട്ടാസ്യം അത്യാവശ്യമാണ്. മഗ്നീഷ്യം അടങ്ങിയ പേരയ്ക്ക ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. വൈറ്റമിന്‍ സി സമ്പുഷ്ടമായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ ഗുണകരമാണ്.