തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തന്റെ പുസ്തകം പുറത്തിറക്കിയതോടെ സ്വര്‍ണക്കടത്തിന്റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ഈ തുറന്ന് പറച്ചിൽ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. സ്വപ്നയുടെ വെളിപ്പെടുത്തൽ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. എരിഞ്ഞുതീർന്നുതുടങ്ങിയ വിവാദങ്ങൾക്കാണ് ശിവശങ്കർ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നത്. ജയില്‍ ദിനങ്ങളിലെ കഷ്ടപ്പാടുകളും അന്വേഷണ ഏജന്‍സികളുടെ അമിതതാല്‍പര്യവുമൊക്കെ പുസ്തകമാക്കി നിരപരാധിയെന്ന് പറയാന്‍ ശിവശങ്കരന്‍ സ്വയം തയ്യാറായതിനെയാണ് എന്താണ് യഥാര്‍ഥ ചിത്രമെന്ന് പരസ്യമാക്കി സ്വപ്ന പൊളിച്ച് കളഞ്ഞത്.
സ്വര്‍ണം പിടിച്ച ദിവസം മുതല്‍ അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് താന്‍ മുന്നോട്ട് പോയത്, ഈ കേസില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന തന്റെ ഓഡിയോ മുതല്‍ മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഓഡിയോ വരെ എല്ലാം ശിവശങ്കരന്റെ തിരക്കഥയായിരുന്നു എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. എന്നാൽ അനുവാദമില്ലാതെ ശിവശങ്കർ പുസ്തകം പുറത്തിറക്കിയത് മുതൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ വരെയുള്ള എല്ലാകാര്യങ്ങൾക്കും ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കു പോകുമ്പോഴുള്ള രാഷ്ട്രീയ കാലാവസ്ഥയല്ല തിരിച്ചെത്തുമ്പോഴുള്ളത്. മൂന്നാഴ്ചത്തെ വിദേശ സന്ദർശനത്തിനൊടുവിൽ സംസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരിടാനുള്ളത് രാഷ്ട്രീയവിവാദങ്ങളും പ്രതിസന്ധിയും മാത്രമാണ്.
ഒന്ന് തീരുമ്പോൾ മറ്റൊന്ന് എന്നതരത്തിൽ ഇടിത്തീ വീഴും പോലെയാണ് മുഖ്യമന്ത്രിയുടെ നേർക്കെത്തുന്ന ഓരോ വിവാദങ്ങളും. എന്നാൽ ഒഴുക്കൻമട്ടിൽ മുഖ്യമന്ത്രിക്ക് തള്ളാവുന്ന വിവരങ്ങളല്ല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ. എന്നാൽ മുഖ്യമന്ത്രി മൗനം പാലിക്കുമ്പോഴും ശിവശങ്കറെ പിന്തുണച്ചും സ്വപ്നയെ തള്ളിയും സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. സ്വപ്നയുടെ വെളിപ്പെടുത്തൽ അവിശ്വസനീയം എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചിരിക്കുന്നത്. അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കും എതിരെ ശിവശങ്കർ പറഞ്ഞത് ശരിയാണ്. ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ടതാണെന്നും സ്വപ്നയുടെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നുമാണ് ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചത്.
ഇതാദ്യമായാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായ നേതാവ് പുതിയ വിവാദങ്ങളിൽ പ്രതികരിക്കുന്നത്. സ്വര്‍ണക്കടത്തിന്റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളും ശിവശങ്കരനറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കിയ സാഹചര്യത്തിലാണ് ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. എന്നാൽ സ്വപ്നയുമായി സൗഹൃദം മാത്രമെന്ന ശിവശങ്കറിന്റെ വാദമാണ് സ്വപ്നയുടെ തുറന്ന് പറച്ചിലിലൂടെ ഇവിടെ പൊളിഞ്ഞത്. കൂടാതെ സ്വര്‍ണക്കടത്തിന്റെ ആദ്യദിനം മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സ്വപ്നയുടെ തുറന്ന് പറച്ചില്‍. എന്നാൽ ഇത്രയൊക്കെ വെളിപ്പെടുത്തലുകളും കോളിളക്കങ്ങളും സംസ്ഥാനത്ത് ഉണ്ടായിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.