ഡൽഹി : ഡൽഹി ചലോ മാർച്ചിനിടെ സംഘർഷം. പഞ്ചാബ് – ഹരിയാന അതിർത്തിയിൽ വച്ചാണ് സംഘർഷമുണ്ടായത്. കർഷകരുടെ ട്രക്കുകൾ കസ്റ്റഡിയിലെടുത്തു. പൊലീസുകാർ കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായെത്തിയ കർഷകരെയെല്ലാം കസ്റ്റഡിയിലെടുത്തു. പൊരുതി മരിക്കാൻ മടിയില്ലെന്നാണ് കർഷക നേതാവ് കെ വി ബിജു ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്കോ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്കോ ഏതെങ്കിലും സംസ്ഥാന അതിർത്തി കടക്കാൻ കർഷകരെ അനുവദിക്കാതിരിക്കാനുള്ള കർശനമായ മുൻകരുതലുകളാണ് പൊലീസ് സ്വീകരിച്ചത്. സമരക്കാരെ തടയാൻ അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബുകളും മുള്ളുകമ്പികളും സ്ഥാപിച്ചിട്ടുണ്ട്.
തിക്രി, സിംഘു, ഗാസിപൂർ, നോയിഡ അതിർത്തികളിൽ റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. ഹരിയാനയിൽ നിന്നും ഡൽഹിയിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിമർശിച്ചു.അതേസമയം, കർഷകർ ഡൽഹിയിൽ എത്തിയാൽ ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഡൽഹി സർക്കാർ തള്ളി. കർഷകരുടെ ആവശ്യങ്ങൾ യഥാർത്ഥമാണെന്നും സമാധാനപരമായ പ്രതിഷേധം നടത്താൻ ഓരോ പൗരനും അർഹതയുണ്ടെന്നും ആം ആദ്മി മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് വ്യക്തമാക്കി .